ഗംഭീറിനെയും സ്വന്തമാക്കുമെന്ന് ചെന്നൈ

ഐപിഎല്‍ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കിയ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം സൂചിപ്പിച്ച് ഒരു ആരാധകന്‍ എഴുതിയ ട്വീറ്റ് ഷെയര്‍ ചെയ്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റൂമറുകള്‍ക്ക് ചൂടുപിടിപ്പിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ധോണിയ്ക്ക് കീഴില്‍ ഒരിക്കല്‍ കൂടി ഗംഭീര്‍ കളിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് കാണാന്‍ കഴിയും.

ധോണിയ്ക്ക് പുറമെ നിലവില്‍ സുരേഷ് റെയ്‌നയേയും രവീന്ദ്ര ജഡേജയേയും ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. കൊല്‍ക്കത്തയാകട്ടെ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് ഗംഭീറിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഇതോടെയാണ് ഗംഭീര്‍ ചെന്നൈ നിരയിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്.

അതെസമയം ഗംഭീര്‍ ഡല്‍ഹിയ്ക്കായി ഐപിഎല്‍ കളിക്കാന്‍ ഏറെ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരിക്കല്‍ കൂടി ഡല്‍ഹിയ്ക്കായി ജഴ്‌സി അണിയണമെന്ന് ഗംഭീര്‍ ആഗ്രഹം തുറന്ന് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഗംഭീര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ കാരണം.

ഗംഭീറിന്റെ പ്രായവും നിലനിര്‍ത്താനുള്ള പണ ചെലവുമാണ് കൊല്‍ക്കത്ത ഈ ഇന്ത്യന്‍ ഓപ്പണറെ ഒഴിവാക്കിയതിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ഗംഭീറിനേയും റസലിനേയും നരേയ്‌നേയും നിലനിര്‍ത്തുകയാണെങ്കില്‍ മൂന്ന് പേര്‍ക്കുമായി ചിലവാവുക ഏതാണ്ട് 33 കോടിയായിരിക്കും. ആകെ ചിലവാക്കാവുന്ന 80 കോടിയില്‍ പിന്നെ ബാക്കിയുണ്ടാവുക 47 കോടിയായിരിക്കും. ഈ തുകയ്ക്ക് നല്ല താരങ്ങളെ കിട്ടുന്ന കാര്യം സംശയമാണ്. എന്നാല്‍ ഗംഭീറിനെ ഒഴിവാക്കി റസലിനേയും നരേയ്‌നേയും മാത്രം എടുത്തതോടെ ടീമിനായത് യഥാക്രമം 12.5 കോടിയും 8.5 കോടിയുമാണ്.