ബി.സി.സി.ഐ കേള്‍ക്കു....സി.എസ്‌.കെ ആരാധകര്‍ക്ക് ഈ സീസണില്‍ കിരീടം മാത്രമല്ല മറ്റൊരു പ്രധാന സ്വപ്നം കൂടിയുണ്ട്

ഐപിഎല്ലിലെ ഈ സീസണ്‍ സിഎസ്‌കെ ആരാധകരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട് അവരുടെ പ്രിയപ്പെട്ട തലയുടെ അവസാന സീസണ്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയുടെ അവസാന ഐപിഎല്‍ സീസണാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണ് ശേഷം താരം വിരമിക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ധോനിയുടെ അവസാന മത്സരം സിഎസ്‌കെയുടെ തട്ടകമായ ചെന്നൈയില്‍ നടത്തണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ ആരാധകരുടെ ആഗ്രഹം നടക്കാന്‍ യാതൊരു വഴിയുമില്ല. ഇത്തവണ പുതിയ ഐപിഎല്‍ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത് ഇന്ത്യയിലാണെങ്കിലും മൂംബൈയിലും പൂനെയിലുമായിട്ടായിരിക്കും കളി നടക്കുക.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ യുഎഇ യിലായിരുന്നു നടന്നത്. ഇത്തവണയും ടൂര്‍ണമെന്റ് രാജ്യത്തിന് പുറത്തേക്ക് പോകുന്ന ലക്ഷണം കാണുന്നുണ്ട്. രാജ്യത്ത് കോവിഡിന്റെ അവസ്ഥ കൂടിക്കൂടി വരുന്നതാണ കാരണം. നിലവില്‍ മുംബൈയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലാണ് കളി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കോവിഡ് കുറഞ്ഞാല്‍ രാജ്യത്തുടനീളമായി നടക്കും.

ഇനി കാര്യങ്ങള്‍ മോശമായാല്‍ യുഎഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ എവിടേയ്‌ക്കെങ്കിലും മത്സരം പോകാനും മതി. ഐപിഎല്ലില്‍ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോനിക്ക് കീഴില്‍ നാലു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫും കളിച്ചിട്ടുള്ള ടീമുകളില്‍ ഒന്നാണ്.