തലയെ വെല്ലാന്‍ ഒരു കോഹ്ലിയും ആയിട്ടില്ല; ആദ്യ മത്സരത്തില്‍ തന്നെ നാണംകെട്ട റെക്കോര്‍ഡുകളുടെ കൂമ്പാരമായി ബെംഗളൂരു

ധോണിയും കോഹ്ലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകുമെന്നായിരുന്നു ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, കളി തീര്‍ന്നപ്പോള്‍ ഇന്ത്യന്‍ നായകന് തലതാഴ്ത്തി നില്‍ക്കാനെ സാധിച്ചുള്ളൂ. ഏഴു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ ബെംഗളൂരിനെ തോല്‍പ്പിച്ചത്.

ചെപ്പോക്കിലെ മഞ്ഞപ്പടയുടെ സ്പിന്‍ ബൗളിങിന് മുന്നില്‍ കോഹ്ലിപ്പട മുട്ടുമടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 17.1 ഓവറില്‍ 70 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത സിഎസ്‌കെ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

അമ്പാട്ടി റായിഡു(28), സുരേഷ് റെയ്‌ന(19), കേദര്‍ ജാദവ് (13) എന്നിവരുടെ മികവില്‍ ചെന്നൈ ലക്ഷ്യം മറികടന്നു. സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സണ്‍ റണൊന്നുമെടുക്കാതെ പുറത്തായി.

ബാംഗ്ലൂരിന് വേണ്ടി യുസ്വേന്ദ്ര ചാഹല്‍, മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ആര്‍സിബിയുടെ ബാറ്റിങ് മുനയൊടിച്ചത്. ചെന്നൈയ്ക്കുവേണ്ടി ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ടും ബ്രാവോ ഒരു വിക്കറ്റും നേടി. ബാംഗ്ലൂര്‍ നിരയില്‍ പാര്‍ത്ഥീവ് പട്ടീല്‍ (29) മാത്രമാണ് പിടിച്ചുനിന്നത്. ബാക്കി ഒരൊറ്റ ബാറ്റ്‌സ്മാനും രണ്ടക്കം കണ്ടിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആറ് റണ്‍െസെടത്ത് പുറത്തായി. പുതുമുഖതാരം ദക്ഷിണാഫ്രിക്കയുടെ ഹെയ്റ്റ്‌മെയറും പൂജ്യത്തിന് പുറത്തായി.

അതേസമയം, ദയനീയ തോല്‍വിയോടെ നിരവധി മോശം റെക്കോര്‍ഡുകളാണ് ബെംഗളൂരുവിനെനെ തേടിയെത്തിയിരിക്കുന്നത്.

1. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ നേടുന്ന തുടര്‍ച്ചയായ ഏഴാം വിജയമാണിത്. 2014 ല്‍ റാഞ്ചിയിലാണ് അവസാനമായി ചെന്നൈയെ ബാംഗ്ലൂര്‍ പരാജയപെടുത്തിയത്.

2. മത്സരത്തില്‍ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 70 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഐ പി എല്‍ ചരിത്രത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടോട്ടല്‍ ആണിത് . ഇതിനുമുന്‍പും ഈ മോശം റെക്കോര്‍ഡ് ബാംഗ്ലൂരിന്റെ പേരില്‍ തന്നെയാണ് . 2008 സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 82 റണ്‍സിന് ബാംഗ്ലൂര്‍ പുറത്തായിരുന്നു.

Read more

3. ഐ പി എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ ആണിത്. 2013 ല്‍ 83 ന് പുറത്തായ ഡല്‍ഹിയായിരുന്നു ഇതിനുമുന്‍പ് ഈ മോശം റെക്കോര്‍ഡിന്റെ അവകാശി.