ആ ഓസീസ് സൂപ്പര്‍ താരവും ചെന്നൈയില്‍

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ച് വരവ് ആഘോഷമാക്കാന്‍ ഒരുങ്ങിപുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. മുന്‍ ഓസ്‌ട്രേലിയന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കുന്തമുനയുമായിരുന്നു മൈക്കല്‍ ഹസിയെ ബാറ്റിംഗ് കോച്ചായി ചെന്നൈ മാനേജുമെന്റ് നിശ്ചയിച്ചു.

ചെന്നൈയും ഹസിയും തമ്മില്‍ വളരെ ആഴത്തിലുളള ബന്ധമാണ് ഉളളത്. 2008 മുതല്‍ 2013 വരെ ടീമിന്റെ ഭാഗമായിരുന്ന മൈക്കല്‍ ഹസി ടീമിനൊപ്പം രണ്ട് തവണ കപ്പ് അടിച്ചിരുന്നു. 2014ല്‍ മുംബൈയിലേക്ക് മാറിയെങ്കിലും 2015ല്‍ താരത്തെ സിഎസ്‌കെ തിരികെ വാങ്ങി.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചെന്നൈയുടെ ബാറ്റിംഗ് കോച്ചായി ആണ് ഹസ്സിയുടെ മടങ്ങി വരവ്. ചെന്നൈയ്ക്കായി ഏറ്റവും അധികം റണ്‍സ് സ്വന്തമാക്കിയിട്ടുളള മൂന്നാമത്തെ താരമാണ് മൈക്കള്‍ ഹസി.

നേരത്തെ ചെന്നൈ ടീം മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ സ്വന്തം ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹസിയുടേയും ചെന്നൈ ടീമിലേക്കുളള മടക്കം. ഇത് ചെന്നൈ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് വിലയിരുത്തുന്നത്.