വിരാടിന്റെ പ്രഖ്യാപനം അസ്ഥാനത്തെന്ന് വിമര്‍ശനം; ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍

ലോക കപ്പിന് തയാറെടുക്കുന്ന ഒരു ടീം. ആ സംഘത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ അപ്രതീക്ഷിതമായി തന്റെ ഭാവി പ്രഖ്യാപിക്കുമ്പോള്‍ സഹതാരങ്ങളില്‍ അതു സൃഷ്ടിക്കുന്ന പ്രതിഫലനം എന്തായിരിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. ലോക കപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ, ആ വലിയ വേദിയിലെ പോരാട്ടശേഷം നായകസ്ഥാനത്ത് താനുണ്ടാവില്ലെന്ന തുറന്നുപറഞ്ഞ വിരാട് കോഹ്ലിയുടെ ചെയ്തി അനുചിതമായെന്ന വിലയിരുത്തലാണ് ക്രിക്കറ്റ് വിദഗ്ധരില്‍ പലര്‍ക്കും. ലോക കപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ അതു ബാധിക്കുമെന്ന് കരുതപ്പെടുന്നു.

ലോക കപ്പിന് മുന്‍പ് തന്നെ, ക്യാപ്റ്റന്‍സി സംബന്ധിച്ച വിധി അറിയിച്ച കോഹ്ലി കിരീട പ്രതീക്ഷയില്ലാത്ത നായകനെയാണ് പ്രതിഫലിപ്പിക്കുന്നത്. ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കോഹ്ലിയുടെ തീരുമാനം ബാധിച്ചാല്‍ അതിശയിക്കേണ്ടതില്ല. സ്ഥാനം ഒഴിയാന്‍ പോകുന്ന ക്യാപ്റ്റന്റെ വാക്കുകള്‍ക്ക് കളിക്കാരെ എത്രത്തോളം പ്രചോദിപ്പിക്കാന്‍ സാധിക്കുമെന്നത് കണ്ടറിയേണ്ടിരിക്കുന്നു.

ടീമില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാത്രമേ കോഹ്ലിയുടെ ഇപ്പോഴത്തെ നടപടി ഉപകരിക്കുവെന്നതില്‍ സംശയമില്ല. കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ചുറ്റിപ്പറ്റിയുള്ള തീരുമാനം എന്തായാലും ലോക കപ്പിനുശേഷം പുറത്തുവിടുന്നതായിരുന്നു ഉചിതം. കളിക്കാര്‍ക്കിടയിലെ ഐക്യവും വിജയതൃഷ്ണയും വര്‍ദ്ധിപ്പിക്കാന്‍ അതു സഹായിക്കുമായിരുന്നു എന്നു കരുതുന്നവരും ചില്ലറയല്ല. ഒറ്റയാന്‍ നീക്കം നടത്തിയ കോഹ്ലിയില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read more