കൊടുംവിഷമാണ് നിങ്ങള്‍, ഇതിഹാസ താരത്തിന് എതിരെ പൊട്ടിത്തെറിച്ച് ഗെയില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക ടലാവ്‌സില്‍ നിന്ന് പുറത്തായതിനു പിന്നാലെ ടീമിന്റെ സഹ പരിശീലകന്‍ കൂടിയായ മുന്‍ സഹതാരം രാം നരേഷ് സര്‍വനെതിരെ ആഞ്ഞടിച്ച് ക്രിസ് ഗെയില്‍. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗെയ്ല്‍ സര്‍വനെ കടന്നാക്രമിച്ചത്.

ടീമില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണം സഹ പരിശീലകനായ സര്‍വനാണെന്നാണ് ഗെയിലിന്റെ ആരോപണം. തന്റെ മുന്‍ സഹതാരം കൂടിയായ സര്‍വനാണ് ടീം ഉടമയെയും മാനേജ്‌മെന്റിനെതിരെയും തനിക്കെതിരെ തിരിച്ചതെന്ന് ഗെയ്ല്‍ ആരോപിച്ചു. വിമര്‍ശനത്തിന്റെ പാരമ്യത്തിലാണ് “കൊറോണ വൈറസിനേക്കാള്‍ ഭീകരന്‍” എന്ന് ഗെയ്ല്‍ സര്‍വനെ വിശേഷിപ്പിച്ചത്.

“ഞാന്‍ ടലാവ്‌സിലേക്കു തിരിച്ചെത്തുമ്പോള്‍ സര്‍വനായിരുന്നു സഹ പരിശീലകന്‍. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ തനിക്ക് പ്രധാന പരിശീലകനാകാനുള്ള ആഗ്രഹം സര്‍വന്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യ പരിശീലകനാകുന്നതിനുള്ള പരിചയസമ്പത്ത് ആയിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. ഇടയ്ക്ക് ഞാന്‍ ടലാവ്‌സ് വിടുമ്പോള്‍ സുസജ്ജമായ ടീമായിരുന്നു ഇത്. പക്ഷേ അതിനു ശേഷം ടീമിനെ കുറിച്ച് എനിക്കു കിട്ടിയ മോശം അഭിപ്രായം ഞെട്ടിച്ചു. അന്ന് റസ്സലായിരുന്നു ടീം ക്യാപ്റ്റന്‍. ഇരുവരും തമ്മില്‍ ഒട്ടും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. സര്‍വന്റെ പീഡനം ഒട്ടേറെ താരങ്ങളെയാണ് ബുദ്ധിമുട്ടിച്ചത്” ഗെയ്ല്‍ പറഞ്ഞു.

“സര്‍വന്‍, നിങ്ങള്‍ ഇപ്പോള്‍ കൊറോണ വൈറസിനേക്കാള്‍ ഭീകരനാണ്. ടലാവ്‌സുമായി ബന്ധപ്പെട്ട് എനിക്കു സംഭവിച്ച കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ശക്തമായ പങ്കുണ്ട്. എന്റെ പിറന്നാള്‍ ആഘോഷത്തില്‍ നമ്മുടെ സൗഹൃദത്തെ കുറിച്ചൊക്കെ വാതോരാതെ വലിയ പ്രസംഗം നടത്തിയത് എനിക്ക് ഓര്‍മ്മയുണ്ട്. നിങ്ങളൊരു വിഷപ്പാമ്പാണ്. കരീബിയന്‍ നാടുകളില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന വ്യക്തി നിങ്ങളല്ലെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. നിങ്ങള്‍ വളരെ പ്രതികാരദാഹിയാണ്. ഇപ്പോഴും പക്വതയെത്തിയിട്ടുമില്ല. പിന്നില്‍ നിന്നു കുത്താനും മിടുക്കനാണ്. എന്നാണ് ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുക?” ഗെയ്ല്‍ ചോദിച്ചു.

ജമൈക്ക ടലാവ്‌സില്‍ നിന്നു പുറത്തായതിനു പിന്നാലെ 40- കാരനായ ഗെയ്ല്‍ സെന്റ് ലൂസിയ സൂക്‌സില്‍ മാര്‍ക്വീ താരമായി ചേര്‍ന്നിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗെയ്‌ലിന്റെ നാലാമത്തെ ടീമാണ് സെന്റ് ലൂസിയ. കഴിഞ്ഞ സീസണിനു മുന്നോടിയായാണ് ഗെയ്ല്‍ വീണ്ടും ടലാവ്‌സിലേക്കു തിരിച്ചെത്തിയത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് തിരിച്ചെത്തിയ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് താരത്തെ ടീം കൈവിടുകയായിരുന്നു.

Read more

“1996 കാലഘട്ടത്തില്‍ കളിച്ചിരുന്നവരില്‍ ഇന്നും സജീവ ക്രിക്കറ്റിലുള്ള ഏകയാള്‍ ഞാനാണ്. മറ്റെല്ലാവരും വിരമിച്ചു. ഇപ്പോഴും സജീവമായി തുടരുന്നത് ഞാന്‍ മാത്രം. ഞാന്‍ വിജയിച്ചു നില്‍ക്കുന്നത് അവരെ മുറിപ്പെടുത്തുന്നുണ്ടാകും. ഞാന്‍ സംസാരിക്കുന്നത് ഇപ്പോഴത്തെയും മുമ്പത്തെയും താരങ്ങളെ കുറിച്ചാണ്. പക്ഷേ ഇപ്പോള്‍ നിങ്ങളോടാണ് എനിക്ക് പറയാനുള്ളത്. മറ്റുള്ളവരോട് സമയമാകുമ്പോള്‍ പറയും” ഗെയ്ല്‍ പറഞ്ഞു.