അശ്വിന്‍ ഹെല്‍മറ്റ് വിവാദത്തില്‍, കാത്തിരിക്കുന്നത് കനത്ത ശിക്ഷ

ബംഗളൂരു: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ മാത്രം ഒതുങ്ങിയ സ്പിന്നര്‍ ആര്‍ അശ്വിനെ തേടി മറ്റൊരു വിവാദം കൂടി. ആഭ്യന്തര മത്സരങ്ങള്‍ക്കിടെ ബിസിസിഐയുടെ ലോഗോ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചതാണ് അശ്വിന് തിരിച്ചടിയാകുക. ഇതോടെ കനത്ത ശിക്ഷാനടപടിയാണ് അശ്വിനെ കാത്തിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിലാണ് തമിഴ്നാട് താരം അശ്വിന്‍ ബിസിസിഐ ലോഗോ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചത്. അഭ്യന്തര മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ബിസിസിഐയുടെ ലോഗോ പതിച്ച ഹെല്‍മറ്റ് ഉപയോഗിക്കരുതെന്നാണ് നിയമം. ഇതാണ് അശ്വിന്‍ ലംഘിച്ചത്.

ദേശീയ ടീമില്‍ കളിക്കുമ്പോഴുള്ള ഹെല്‍മറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ലോഗോ പതിപ്പിച്ച ഭാഗം മറയ്ക്കേണ്ടതുണ്ട്. എന്നാല്‍ അത് മറയ്ക്കാതെയാണ് അശ്വിന്‍ കളിച്ചത്.

ഫൈനലില്‍ മത്സരത്തില്‍ കര്‍ണാടക താരം മയങ്ക് അഗര്‍വാളും ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റ് ധരിച്ചായിരുന്നു കളിച്ചത്. എന്നാല്‍ ബിസിസിഐ ലോഗോ വരുന്ന ഭാഗം അദ്ദേഹം ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു.