ഒഴിവാക്കല്‍, ടീം ഇന്ത്യയ്‌ക്കെതിരെ തുറന്നടിച്ച് ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ നിരാശ പരസ്യമാക്കി യുവതാരം ശുഭ്മാന്‍ ഗില്‍. ഒരു ടീമിലെങ്കിലും തന്നെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗില്‍ വ്യക്തമാക്കി. ടീമില്‍ നിന്നും പുറത്തായതിനെ കുറിച്ച് ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കുകയായിരുന്നു കൗമാര താരം.

” ഞായറാഴ്ച ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പ്രഖ്യാപനത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഏതെങ്കിലും ഒരു ടീമിലെങ്കിലും എന്നെ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു” ഗില്‍ പറയുന്നു.

“ടീമിലിടം ലഭിക്കാത്തത് നിരാശാജനകമാണ്. എങ്കിലും അതിനെ കുറിച്ച് കൂടുതല്‍ സമയം ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. റണ്‍സ് സ്‌കോറിംഗ് തുടരാനും ഫോം നിലനിര്‍ത്താനും അതുവഴി സെലക്ടര്‍മാരുടെ ഇഷ്ടം പിടിച്ചുപറ്റാനുമാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്” ഗില്‍ കൂട്ടിച്ചേര്‍ച്ചേര്‍ത്തു.

ഇന്ത്യ എ ടീമിനൊപ്പമുളള വിന്‍ഡീസ് പര്യടനം മികച്ച അനുഭവമായിരുന്നെന്ന് പറഞ്ഞ ഗില്‍ തന്റെ രണ്ട് അര്‍ദ്ധ സെഞ്ച്വറികളെങ്കിലും സെഞ്ച്വറി ആക്കി മാറ്റാമായിരുന്നെന്നും വിലയിരുത്തുന്നു. വിന്‍ഡീസ് അനുഭവം തന്റെ കരിയറിന് മുതല്‍ക്കൂട്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യയുടെ കുട്ടികള്‍ 4-1നാണ് പരമ്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ദ്ധ സെഞ്ച്വറി അടക്കം 218 റണ്‍സ് നേടിയ ഗില്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ സീനിയര്‍ ടീം പ്രഖ്യാപന വേളയില്‍ പഞ്ചാബി താരത്തിന്റെ പ്രകടന മികവ് എടുത്ത് പറഞ്ഞ ചീഫ് സെലക്ടര്‍ ഭാവിയില്‍ താരത്തെ പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കെ.എല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഗില്ലിന് തിരിച്ചടിയായതെന്നും പ്രസാദ് സൂചിപ്പിച്ചിരുന്നു.