ക്രിക്കറ്റ് ഇന്ന് ഞങ്ങളെ വീണ്ടും ബന്ധിപ്പിച്ചിരിക്കുന്നു, ചന്ദ്രനും മേലെ ഉയര്‍ന്ന് പാകിസ്ഥാന്‍ ആരാധകര്‍

തീര്‍ച്ചയായും ക്രിക്കറ്റിന് അതിരുകള്‍ ഭേദിക്കാനുള്ള ശക്തിയുണ്ട്. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ക്രിക്കറ്റ് ആരാധകര്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായെങ്കിലും ക്രിക്കറ്റ് എപ്പോഴും ഒരുമിപ്പിക്കുന്ന ഘടകമാണ്. ഫോം കണ്ടെത്താന്‍ പാടുപെടുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിക്ക് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നല്‍കിയ പിന്തുണ അതിര്‍ത്തിക്കപ്പുറത്തുള്ള ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും കോഹ്ലി ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് പിന്തുണയറിയിച്ച് ബാബര്‍ രംഗത്തുവന്നത്. ‘ഈ കാലവും കടന്നുപോകും’ എന്നാണ് കോഹ്ലിയെ ചേര്‍ത്തുനിര്‍ത്തിയുള്ള ഫോട്ടോ സഹിതം ബാബര്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ആരാധകര്‍ ഹൃദയത്തില്‍ ഏറ്റെടുക്കുകയും ചെയ്തു.

ക്രിക്കറ്റ് ഇന്ന് ഞങ്ങളെ വീണ്ടും ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടനീളം ഇത് പാക് ആരാധകര്‍ ഒന്നടങ്കം പാടിപുകഴ്ത്തുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാണെങ്കിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധം മികച്ചതാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെയും എക്കാലത്തെയും മുഖ്യ എതിരാളികളിയാണ് പാകിസ്ഥാന്‍. ആ ശത്രുപാളയത്തില്‍ നിന്നുതന്നെ ഇത്തരമൊരു സാന്ത്വനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം നിലവില്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.