ക്രിക്കറ്റ് ബോര്‍ഡ് അപമാനിച്ചു; പാക് സൂപ്പര്‍ താരം കള മൊഴിഞ്ഞേക്കും

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി (പിസിബി) ഇടഞ്ഞുനില്‍ക്കുന്ന സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ് വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലാണ് ഹഫീസിന്റെ നീക്കത്തെ പറ്റി വിവരം പങ്കുവച്ചത്.

കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ ഹഫീസിന് പിസിബി അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം സെപ്റ്റംബര്‍ 18വരെ ഹഫീസിന് സിപിഎല്ലില്‍ തുടരാന്‍ കഴിഞ്ഞേനെ. എന്നാല്‍ പിസിബി അപ്രതീക്ഷിതമായി താരത്തെ പാകിസ്ഥാനിലേക്ക് മടക്കി വിളിക്കുകയായിരുന്നു. പിസിബി നടപടി ഹഫീസിനെ ഞെട്ടിച്ചെന്നാണ് വിവരം.

ഹഫീസുമായി ഞാന്‍ സംസാരിച്ചിട്ടില്ല. എങ്കിലും പിസിബിയുടെ തീരുമാനം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരിക്കാം. അനുനയിപ്പിച്ചില്ലെങ്കില്‍, ട്വന്റി20 ലോക കപ്പില്‍ ഹഫീസ് കളിച്ചേക്കില്ല. പരിചയസമ്പന്നനായ ഒരു താരത്തോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.

പിസിബി ചെയ്തതു തെറ്റാണ്. ഹഫീസിന്റെ കാര്യം മാത്രമല്ല പാകിസ്ഥാന്‍ ക്രിക്കറ്റിനെ മൊത്തത്തിലായാണ് പറയുന്നത്. ക്രിക്കറ്റ് രാജ്യമെന്ന നിലയിലെ പാകിസ്ഥാന്റെ അന്തസിന് പിസിബിയുടെ ചെയ്തികള്‍ ദോഷമുണ്ടാക്കുന്നു. എന്നോടും ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്. ഹഫീസിന് സംഭവിച്ചത് തീര്‍ത്തും മോശമായ കാര്യമാണെന്നും അക്മല്‍ കൂട്ടിച്ചര്‍ത്തു.

Read more