മാക്‌സ്‌വെല്‍ അടക്കമുള്ള താരങ്ങളുടെ ഇടവേളയെടുക്കല്‍; കളി കാര്യമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

വിഷാദം അലട്ടിയതു മൂലം പ്രമുഖ താരങ്ങള്‍ ടീമില്‍ നിന്ന് ഇടവേള എടുത്ത സാഹചര്യം ഗൗരവമായി കണ്ട് പുതിയ നീക്കവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. കളിക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന വിഷാദരോഗവും മാനസിക പ്രശ്‌നങ്ങളും മറ്റും ലഘൂകരിക്കാന്‍ ടീമിനായി മാനസികാരോഗ്യ വിദഗ്ധനെ നിയമിക്കാന്‍ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

പുതിയ പോസ്റ്റിലേക്കുള്ള പരസ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറപ്പെടുവിച്ചു. “മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ ബിയിംഗ് ലീഡ്” എന്നായിരിക്കും പുതുതായി നിയമിക്കപ്പെടുന്നയാളുടെ സ്ഥാനപ്പേര്. നിലവില്‍ പുരുഷ, വനിതാ ടീമുകള്‍ക്കൊപ്പമുള്ള സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളായ മൈക്കല്‍ ലോയ്ഡുമായും പീറ്റര്‍ ക്ലാര്‍ക്കുമായും സഹകരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

Glenn Maxwell off cricket to take care of mental health | Glenn ...

വിഷാദം അലട്ടിയതു മൂലം ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, യുവതാരങ്ങളായ നിക് മാഡിന്‍സന്‍, വില്‍ പുകോവ്‌സ്‌കി എന്നിവര്‍ ഈയിടെ ക്രിക്കറ്റില്‍നിന്ന് ഇടവേള എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് താരങ്ങളുടെ മാനസികാരോഗ്യത്തെപ്പറ്റി കിക്കറ്റ് ഓസ്‌ട്രേലിയയില്‍ ചര്‍ച്ചകള്‍ ശക്തമായത്.

Cricket World Cup 2019, Australia vs England, semi-final | Fox Sports

താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. കോവിഡ് സാഹചര്യവും മറ്റും കൂടുതല്‍ താരങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വേഗത്തിലുള്ള തീരുമാനം.