വാര്‍ണറുടെ കാര്യത്തില്‍ വമ്പന്‍ നീക്കത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ചര്‍ച്ചകള്‍ തുടങ്ങി

ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് നീക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആരംഭിച്ചതയാണ് വിവരം. 2018ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നായിരുന്നു അന്ന് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന വാര്‍ണറെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത കാലത്തേക്ക് ക്യാപ്റ്റന്‍സിയില്‍ നിന്നും വിലക്കിയത്.

ബോര്‍ഡിന്റെ നിലവിലെ നിയമപ്രകാരം വാര്‍ണറുടെ ക്യാപ്റ്റന്‍സി വിലക്ക് മാറ്റാന്‍ സാധിക്കില്ല. അതിനാല്‍ ബോര്‍ഡിന്റെ നിയമാവലി തിരുത്തിയ ശേഷമായിരിക്കും നടപടിയുണ്ടാവുക.

നിലവിലെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ടി20 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് 35 കാരനായ വാര്‍ണറെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദ്ദേശം പരിഗണിച്ച് തുടങ്ങിയത്.

ഓസ്‌ട്രേലിയയെ നയിക്കാന്‍ വാര്‍ണര്‍ യോഗ്യനാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയത് മുതല്‍ വാര്‍ണര്‍ മിന്നുന്ന ഫോമിലാണ്.