'അവര്‍ അഭിമാനമാണ്'; കിവികളെ പാടിപ്പുകഴ്ത്തി അയാള്‍ പടിയിറങ്ങി

ന്യൂസിലന്‍ഡിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനമൊഴിഞ്ഞ് ക്രെയിഗ് മക്മില്ലന്‍. അഞ്ച് വര്‍ഷം ടീമിനൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷമാണ് 42 കാരനായ മക്മില്ലന്റെ പിന്മാറ്റം. മക്മില്ലന്‍ പരിശീലകനായിരുന്ന സമയം രണ്ട് തവണയാണ് കിവീസ് ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുവാന്‍ ഇത്തരം ചുമതലകള്‍ തടസ്സമാകുന്നു എന്നതിനാല്‍ ലോക കപ്പിന് ശേഷം പരിശീലന സ്ഥാനം ഒഴിയുമെന്ന് മക്മില്ലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനമായി തോന്നുന്നെന്ന് പിന്മാറ്റം പങ്കുവെച്ച് മക്മില്ലന്‍ ട്വീറ്റ് ചെയ്തു.

Related image

“ബ്ലാക് കാപ്‌സിന്റെ ബാറ്റിംഗ് പരിശീലകനായുള്ള എന്റെ കാലം അവസാനിച്ചു. വ്യത്യസ്തരായ കളിക്കാര്‍ക്കും സ്റ്റാഫിനുമൊപ്പം അഞ്ചുവര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. അവര്‍ വളരെ പ്രത്യേകതകളുള്ള ടീമാണ്. അച്ചടക്കവും മികവും അവരെ ഇനിയും നേട്ടങ്ങളിലേക്ക് നയിക്കും. അവര്‍ എന്നും ന്യൂസീലന്‍ഡിന്റെ അഭിമാനം തന്നെയായിരിക്കും.” മാക്മില്ലന്‍ ട്വീറ്റ് ചെയ്തു.

2014ല്‍ നിയമിക്കപ്പെട്ട ശേഷം ന്യൂസിലാന്റ് ക്രിക്കറ്റ് പരിശീലക ടീമിലെ അവിഭാജ്യ ഘടകമായിരുന്നു മക്മില്ലന്‍. വിന്‍ഡീസ് പരമ്പരയിലായിരുന്നു താരം ആദ്യമായി ഈ ചുമതല ഏറ്റെടുക്കുന്നത്. ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് പകരം കോച്ചിനെ ന്യൂസിലാന്റ് നിയമിക്കുമെന്നാണ് അറിയുന്നത്. മാക്മില്ലന്‍ ന്യൂസീലന്‍ഡിനു വേണ്ടി 55 ടെസ്റ്റുകളും 197 ഏകദിനങ്ങളും എട്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്.