അങ്ങനെ സംഭവിച്ചാല്‍ ടീമില്‍ നിന്ന് പുറത്താക്കും; ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐയുടെ മുന്നറിയിപ്പ്

ബയോ ബബിളില്‍ എത്തിയതിന് ശേഷം നടത്തുന്ന കോവിഡ് ടെസ്റ്റില്‍ ഫലം പോസിറ്റീവായാല്‍ അവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ബി.സി.സി.ഐ. ഒരു കളിക്കാരന് വേണ്ടിയും പ്രത്യേകം വിമാനം തയ്യാറാക്കില്ലെന്നാണ് ബി.സി.സി.ഐയുടെ നിലപാട്.

ഏതെങ്കിലും താരം പോസിറ്റീവ് ആയാല്‍ അവര്‍ നെഗറ്റീവായ ശേഷവും സ്‌ക്വാഡില്‍ ചേരുവാന്‍ സമ്മതിക്കില്ല. ഈ മാസം 25നാണ് ഇന്ത്യന്‍ ടീം ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കുക. നാട്ടില്‍ എട്ട് ദിവസം ക്വാറന്റൈനില്‍ ഇരുന്ന ശേഷം ജൂണ്‍ 2നാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവുക. ലണ്ടനില്‍ ക്വാറന്റൈനിലിരിക്കുമ്പോള്‍ കളിക്കാര്‍ക്ക് പരിശീലനം നടത്താന്‍ അനുവാദമുണ്ട്.

ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതിനു ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ പകുതിയോടെയാണ് അവസാനിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 പേരടങ്ങിയ ഒറ്റ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവരില്‍ ആരെങ്കിലും കോവിഡ് ബാധിതരായാല്‍ പകരം അത് ടീമിന് തിരിച്ചടിയാകും.