കോഹ്ലിയും പിന്നില്‍; റെക്കോര്‍ഡിലേക്ക് അടിച്ചു കസറിയ മണ്‍റോയ്ക്ക് മറ്റൊരു നേട്ടം കൂടി

അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ ആദ്യമായി മൂന്ന് സെഞ്ച്വിറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നേട്ടത്തിന് പുറമെ ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോയ്ക്ക് മറ്റൊരു നേട്ടം കൂടി. ഐസിസിയുടെ ട്വ20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ താരം ഒന്നാമതെത്തി. 11ാം സ്ഥാനത്ത് നിന്നുമാണ് മണ്‍റോയുടെ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ്. ബോളിങ്ങിലും ന്യൂസിലാന്‍ഡ് താരം ഇഷ് സോദിയാണ് മുന്നില്‍.

വെസ്റ്റന്റീസിനെതിരേ നടന്ന പരമ്പരയിലെ ഉഗ്രന്‍ പ്രകടനമാണ് കിവീസ് താരങ്ങളെ ഒന്നാമതെത്തിച്ചത്. ട്വന്റി20 പരമ്പരയില്‍ 223 റണ്‍സുമായി മണ്‍റോയാണ് റണ്‍വേട്ടക്കാരില്‍ മുമ്പിലെത്തിയത്. കരിയറില്‍ ആദ്യമായാണ് താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരെ പിന്നിലാക്കിയാണ് മണ്‍റോ പുതിയ ഉയരത്തിലെത്തിയത്.

അതേസമയം, പത്താം സ്ഥാനത്ത നിന്നാണ് സോദിയുടെ ഒന്നാം സ്ഥാനത്തേക്കുള്ള ആരോഹണം. പാക്കിസ്താന്‍ താരം ഇമാദ് വാസിം, അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ എന്നിവരെ പിന്നിലാക്കിയാണ് സോദി കരിയറില്‍ ആദ്യമായി ഒന്നാമത് എത്തിയത്.

കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരേ നടന്ന മത്സരത്തിലാണ് കോളിന്‍ മണ്‍റോ പുതിയ റെക്കോര്‍ഡിട്ടത്. ഗ്രിസ് ഗെയില്‍, ബ്രണ്ടന്‍ മക്കുല്ലം, എവിന്‍ ലൂയിസ്, രോഹിത് ശര്‍മ്മ തുടങ്ങിയ താരങ്ങളെ പിന്നിലാക്കി ട്വന്റി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമക്കിയത്. പത്ത് സിക്സുകളും മൂന്ന് ഫോറുകളുമടക്കം 47 ബോളില്‍ നിന്ന് 104 റണ്‍സെടുത്താണ് മത്സരത്തില്‍ മണ്‍റോ പുറത്തായത്.