അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ സമയമായി, ടീമില്‍ ഇനി ഇവര്‍ മതി; ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ വരുന്നതിന്റെ സൂചന നല്‍കി ദ്രാവിഡ്

ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവര്‍ ഇനി മുതല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പ്ലാനിന്റെ ഭാഗമാകില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി ക്രിക്കറ്റ് ലോകത്തുണ്ട്. ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ച് ഒരു പ്രതികരണം നടത്തുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഈ റിപ്പോര്‍ട്ടുകള്‍ ശരിയ്ക്കുന്ന പ്രതികരണം നടത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെ അവസാനമായി സെമി കളിച്ച ടീമിലെ മൂന്നോ നാലോ പേര്‍ മാത്രമാണിപ്പോള്‍ ഈ ഇലവനിലുള്ളത്. ടി20യില്‍ അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ സമയമായി. അതുകൊണ്ടുതന്നെ നമ്മുടെത് യുവതലമുറക്ക് പ്രാമുഖ്യമുള്ള ടീമാണ്. അവര്‍ ശ്രീലങ്കക്കെതിരെ മികച്ച കളി പുറത്തെടുക്കുന്നത് ആവേശകരമായ അനുഭവമാകും.

ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷ് ഫൈനല്‍ എന്നിവയിലാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാന ശ്രദ്ധ. അതിനാല്‍, ട്വന്റി20യില്‍ ഇളമുറക്കാര്‍ക്ക് അവസരം നല്‍കണം- ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നവരില്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ മാത്രമാണ് നിലവില്‍ ഇന്ത്യന്‍ ടി20 ടീമിലുള്ളത്. ബാക്കി താരങ്ങളെല്ലാം യുവതാരങ്ങളും, അധികം അവസരം ലഭിക്കാത്തവരുമാണ്.