എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിംഗ്!, അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം

ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ കളിച്ച എല്ലാദിവസവും ക്രീസില്‍ നിലയുറപ്പിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പരമ്പരയില്‍ ഇതുവരെ ഇന്ത്യ ബാറ്റിംഗ് ചെയ്ത എട്ട് ദിവസവും ബാറ്റിങിനിറങ്ങിയാണ് ചേതേശ്വര്‍ പൂജാര അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

കൊല്‍ക്കത്തയിലെ ആദ്യ അഞ്ച് ദിവസവും ബാറ്റ് ചെയ്ത പൂജാര നാഗ്പൂരില്‍ ഇന്ത്യ ബാറ്റ്‌ചെയ്ത മൂന്ന് ദിവസവും ക്രീസിലെത്തി. രണ്ട് കളികളിലുമായി ആകെ 530 പന്തുകള്‍ നേരിട്ട താരം 217 റണ്‍സും നേടി.

കൊല്‍ക്കത്താ ടെസ്റ്റിന്റെ ആദ്യദിനം മഴ കളിച്ചപ്പോള്‍ എട്ട് റണ്‍സുമായി പുജാര ക്രീസിലുണ്ടായിരുന്നു. മൂന്നാംദിനം ബാറ്റിംഗ് തുടര്‍ന്ന താരം അര്‍ദ്ധസെഞ്ച്വറി (52) നേടിയ ശേഷം പുറത്തായി. നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും ക്രീസിലെത്തിയ താരം അന്ന് രണ്ട് റണ്‍സ് സ്‌കോര്‍ ചെയ്തു. അവസാന ദിവസം ബാറ്റിംഗ് തുടര്‍ന്ന താരം 22 റണ്‍സിന് പുറത്തായി.

നാഗ്പൂരില്‍ ആദ്യദിനം ചായയ്ക്കുശേഷം ക്രീസിലെത്തിയ താരം രണ്ടാംദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് 121 റണ്‍സ് സ്‌കോര്‍ ചെയ്തു. മൂന്നാം ദിവസവും ബാറ്റിംഗ് തുടര്‍ന്ന താരം 143 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്.

മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനും വിജയിച്ചിരുന്നു. പൂജാരയെ കൂടാതെ ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മയും മുരളി വിജയും സെഞ്ച്വറി നേടിയപ്പോള്‍ നായകന്‍ വിരാട് കോഹ്ലി ഡബിള്‍ സെഞ്ച്വറി നേടി. കോഹ്ലി തന്നെയാണ് കളിയിലേയും കേമന്‍.