ചെന്നൈ 14 കോടി മുടക്കിയ താരത്തിന് ഐ.പി.എല്‍ പകുതിയും നഷ്ടമാകും ; ധോണിക്കും കൂട്ടര്‍ക്കും വല്ലാത്ത തിരിച്ചടി

വെസ്റ്റിന്‍ഡീസിനെതിരേയുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ദീപക് ചഹറിന് പരിക്കേറ്റത്് ഏറ്റവും തിരിച്ചടിയായത് ഇന്ത്യയ്ക്കല്ല. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. മെഗാലേലത്തില്‍ 14 കോടി മുടക്കി ടീം പിടിച്ചുകൊണ്ടുവന്ന താരത്തിന് ഐപിഎല്ലിലെ പകുതി മത്സരും നഷ്ടമാകും. തുടമസിലിന് ഏറ്റ പരിക്കാണ് ദീപക് ചഹറിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയും താരത്തിന് നഷ്ടമായിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റ് ചഹര്‍ തന്റെ ഓവര്‍ പൂര്‍ത്തിയാക്കുന്നതിന്  മുമ്പ് തന്നെ ചഹറിന് കളം വിടേണ്ടി വന്നിരുന്നു. ചഹറിന്റെ അസാന്നിദ്ധ്യം ഈ ഐപിഎല്ലില്‍ ഇന്ത്യയൂടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഗെയിംപ്ലാന്‍ മൊത്തം മാറ്റിമറിക്കാന്‍ പോന്നതാണ്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുമായി മത്സരിച്ചാണ് സിഎസ്‌കെ താരത്തെ സ്വന്തമാക്കിയത്. രാജസ്ഥാന്‍ 13.75 കോടി വരെ വിളിച്ചതായിരുന്നു.

സിഎസ്‌കെ കപ്പടിച്ച കഴിഞ്ഞ സീസണില്‍ ടീമിനായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ താരമായിരുന്നു ചഹര്‍. സിഎസ്‌കെയ്ക്ക് ഇതുവരെ ന്യൂബോള്‍ എടുക്കാന്‍ കഴിയുന്ന ഒരു ഇന്ത്യന്‍ ബൗളറെ കിട്ടിയിട്ടില്ല. ചഹറിന്റെ അഭാവം സിഎസ്‌കെയ്ക്ക് ബൗളിംഗിലും ബാറ്റിംഗിലും തിരിച്ചടിയാകും. ആദം മില്‍നേ, ക്രിസ് ജോര്‍ദ്ദാന്‍, ഡ്വൊയ്ന്‍ ബ്രാവോ, ഡ്വൊയ്ന്‍ പ്രിട്ടോറിയസ് എന്നിവരെയാണ് ബൗളിംഗിന് സിഎസ്‌കെ ആശ്രയിക്കുന്നത്. ഗുജറാത്തില്‍ സിഎസ്‌കെയുടെ ക്യാമ്പ് ഉടന്‍ തുടങ്ങും.