ധോണി കഴിഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാകാന്‍ ചാന്‍സ് ; നാലു പേരുടെ പേരുകള്‍ പ്രഖ്യാപിച്ച് റെയ്‌ന

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളില്‍ ഒന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ടീമിന്റെ ജീവനും ശരീരവുമായ നായകന്‍ മഹേന്ദ്രസിംഗ് ധോണി കഴിഞ്ഞാല്‍ ടീമിനെ ആരു നയിക്കും. മിക്കവാറും ഈ സീസണ്‍ ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല എന്നിരിക്കെ തലയ്ക്ക് ശേഷം ആരു നായകനാകും. ഇക്കാര്യത്തില്‍ ചെന്നൈയില്‍ ധോണി കഴിഞ്ഞാല്‍ ഏറ്റവും വലിയ താരമായിരുന്ന സുരേഷ്‌റെയ്‌ന നാലു പേരുടെ പേരുകളാണ് ചൂണ്ടിക്കാട്ടുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വെബ്ബിനാറിലാണ് തന്റെ പട്ടികയിലുള്ള സാധ്യതാതാരങ്ങളെ റെയ്‌ന ചൂണ്ടിക്കാട്ടിയത്. അമ്പാട്ടി റായിഡുവോ റോബിന്‍ ഉത്തപ്പയോ നായകനാകാന്‍ യോഗ്യത ഉള്ളവരാണ്. ഓള്‍റൗണ്ടര്‍മാരായ ഡൈ്വന്‍ ബ്രാവോയും രവീന്ദ്ര ജഡേജയും നല്ല ക്രിക്കറ്റ് ബോധമുള്ളവരാണെന്നും അടുത്ത കാലത്ത് ടീമിനായി മികച്ച പ്രകടനം നടത്തിയവരാണെന്നും് റെയ്‌ന പറയുന്നു. പക്ഷേ ഈ നാലുപേരില്‍ ചെറുപ്പം എന്ന നിലയില്‍ ജഡേജയ്ക്കാണ് സാധ്യത. ജഡേജയ്ക്ക് 30 വയസ്സേയുള്ളൂ. പക്ഷേ അമ്പാട്ടി റായിഡുവിനു 36 വയസ്സും ഡൈ്വന്‍ ബ്രാവോയ്ക്കും 38 വയസ്സുമായി. ഇനി രണ്ടോ മൂന്നോ സീസണ്‍ കൂടി കളിക്കാന്‍ സാധ്യത കല്‍പ്പിക്കുന്നത് ജഡേജയ്ക്കാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കുടുതല്‍ പണം മുടക്കി ഫ്രാഞ്ചൈസി നിലനിര്‍ത്തിയ താരമാണ് ജഡേജ. 16 കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണുകളില്‍ മുഴുവന്‍ ചെന്നൈയ്ക്കായി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഈ സീസണില്‍ റെയ്‌നയെ ചെന്നൈ തള്ളിയിരുന്നു. ഇത്തവണ താരം അണ്‍സോള്‍ഡായ താരങ്ങളുടെ പട്ടികയിലാണ്. സിഎസ്‌കെ നായകനായി ധോണി 213 മത്സരങ്ങളാണ് കളിച്ചത്. 2008 മുതല്‍ സിഎസ്‌കെയുടെ നായകനായ ധോണി സിഎസ്‌കെയെ 12 തവണയില്‍ 11 തവണയും പ്‌ളേ ഓഫില്‍ എത്തിച്ചു. ഒമ്പത്ത് തവണയാണ് സിഎസ്‌കെയെ ധോണി ഫൈനല്‍ കളിപ്പിച്ചത്. ഇതില്‍ നാലു തവണയോളം ടീം കിരീടവും നേടി.