ചാമ്പ്യന്‍സ് ട്രോഫി: ഐസിസി മീറ്റിംഗില്‍ പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച്, പിന്മാറ്റ ഭീഷണി, അത് വിലപോയില്ലെങ്കില്‍ 'പത്തൊന്‍പതാം അടവ്' പുറത്തെടുക്കും!

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഐസിസി അംഗങ്ങള്‍ ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് യോഗം ചേരും. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ടീമിനെ രാജ്യത്തേക്ക് അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വളരെയധികം സംഘര്‍ഷം സൃഷ്ടിച്ചു. ടൂര്‍ണമെന്റ് ഒരു ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നു. അതേസമയം മുഴുവന്‍ ടൂര്‍ണമെന്റും പാകിസ്ഥാനില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പിസിബി ഉറച്ചുനില്‍ക്കുകയാണ്.

ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനായതിനാല്‍ ഹൈബ്രിഡ് മോഡലിനോട് യോജിക്കാന്‍ പിസിബിയെ ബോധ്യപ്പെടുത്താന്‍ ഐസിസി ശ്രമിക്കുന്നു. പക്ഷേ പിസിബി പിന്നോട്ട് പോകാനുള്ള മാനസികാവസ്ഥയിലല്ല. റിപ്പോര്‍ട്ട് പ്രകാരം, ഐസിസി ഹൈബ്രിഡ് മോഡല്‍ പിസിബിക്ക് നിര്‍ദ്ദേശിക്കും, അതിനുശേഷം ഒരു വോട്ടിംഗ് പ്രക്രിയ നടത്തും.

വോട്ടിംഗില്‍ ഹൈബ്രിഡ് മോഡലിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍, ഐസിസി അതുമായി മുന്നോട്ടുപോകും. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് പിസിബിയുടെ ചുമതലയായിരിക്കും. അവര്‍ അത് നിഷേധിക്കുകയാണെങ്കില്‍, ടൂര്‍ണമെന്റ് പൂര്‍ണ്ണമായും രാജ്യത്തിന് പുറത്തേക്ക് മാറ്റാം. ഇത് പാകിസ്ഥാന്‍ ബോര്‍ഡിന് വന്‍ നഷ്ടമുണ്ടാക്കും.

ടെലിഗ്രാഫിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഹൈബ്രിഡ് മോഡല്‍ പിസിബിയ്ക്ക്് സ്വീകാര്യമല്ലെങ്കില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറും. പിസിബി ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കില്ലെന്ന വ്യക്തമായ നിലപാടിലാണ് പിസിബി മേധാവി മൊഹ്സിന്‍ നഖ്വി. ഇതോടൊപ്പം 2026 ല്‍ ഇന്ത്യ അതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് പിസിബി ഐസിസിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പകരം, തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടും.

ഹൈബ്രിഡ് മോഡലിന് ഐസിസി അംഗീകാരം നല്‍കിയാല്‍, പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാന്‍ അവര്‍ പിസിബിക്ക് സമയം നല്‍കും. അവര്‍ നിഷേധിച്ചാല്‍, അത് ആശങ്കയ്ക്ക് കാരണമാകും, ടൂര്‍ണമെന്റ് പൂര്‍ണ്ണമായും പാകിസ്ഥാനില്‍ നിന്ന് മാറിയേക്കും.

Read more