കൊല്‍ക്കത്തയുടെ തോല്‍വികള്‍ക്ക് പിന്നില്‍ ടീം സി.ഇ.ഒ; ശ്രേയസ് പേരിനു മാത്രമൊരു ക്യാപ്റ്റന്‍, വിവാദം

ഐപിഎല്‍ 15ാം സീസണില്‍ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു കെകെആറിന് ലഭിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് എല്ലാം തലകീഴായ് മറിയുന്ന കാഴ്ചയാണ് കാണാനായത്. തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങിയ ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇപ്പോഴിതാ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നിലെ ഒരു പ്രധാന കാരണം നായകന്‍ ശ്രേയസ് അയ്യരുടെ വായില്‍ നിന്ന് വീണിരിക്കുകയാണ്.

ടീം സിഇഒ വെങ്കി മൈസൂരും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നുണ്ടെന്നാണ് ശ്രേയസ് പറഞ്ഞത്. ‘പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐപിഎല്‍ കളിച്ച് തുടങ്ങിയ സമയത്ത് ഞാനും അതുപോലൊരു സ്ഥാനത്തായിരുന്നു. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നത്’ ശ്രേയസ് അയ്യര്‍ പറഞ്ഞു.

ശ്രേയസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടീമിനെ തിരഞ്ഞെടുക്കാന്‍ ആ ടീമിന്റെ ക്യാപ്റ്റന് അധികാരം നല്‍കാത്ത കെകെആര്‍ മാനേജ്‌മെന്റ് തോല്‍വികള്‍ ഇരന്നു വാങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ടീമിലെക്കെയോ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് കെകെആര്‍ താരങ്ങളുടെ ശരീരഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ഈ സീസണില്‍ കൈയിലുള്ള കളിക്കാരെ എല്ലാം തന്നെ മാറിമാറി പരീക്ഷിച്ച ഏകടീം കെകെആര്‍ ആണ്. ഈ പ്രൊഫഷണലിസം ഇല്ലായ്മയാണ് ടീമിനെ തോല്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍.