കോഹ്ലിയുടെ നീക്കം രോഹിത്ത് നായകനാകുന്നത് തടയാന്‍

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോകാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തീരുമാനിച്ചത് ടീമിലെ തമ്മിലടിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ഏകദിന-ടി20 മത്സങ്ങളില്‍ കോഹ്ലിയ്ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പകരം രോഹിത്ത് നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ വിശ്രമം വേണ്ടെന്ന് കോഹ്ലി നിലപാടെടുക്കുകയായിരുന്നു. ഇതോടെ രോഹിത്തിന് പകരം കോഹ്ലി തന്നെ ഏകദിന-ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കും.

ലോക കപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയെ സെമിഫൈനലിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ചില വിമര്‍ശനങ്ങള്‍ കോഹ്ലി നേരിട്ടിരുന്നു. ഇന്ത്യ നാലിന് 24 റണ്‍സെന്ന നിലയില്‍ പതറവെ ധോണിയെ നേരത്തേ ഇറക്കാത്തതിന്റെ പേരിലായിരുന്നു ഇത്. ധോണിയെ ഏഴാമനായാണ് ഇന്ത്യ ക്രീസിലിറക്കിയത്.

തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. കോഹ്ലിയ്ക്ക് ഇഷ്ടമുളള ഒരു സംഘം കളിക്കാര്‍ ടീമിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ രോഹിത്ത് ഏകദിന നായകനാകട്ടെയെന്നും ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് മൂന്നു മുതലാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനു തുടക്കമാവുന്നത്. ടീമിനെ ബി.സി.സി.ഐ വെള്ളിയാഴ്ച പ്രഖ്യാപിക്കും.