തുറന്നടിച്ച് കോഹ്ലി, ലക്ഷ്മണിന് ചുട്ടമറുപടി

വെല്ലിങ്ടണ്‍: തന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഫോമിനെക്കുറിച്ചുള്ള ചിന്ത തന്നെ അലട്ടുന്നില്ലെന്നു താന്‍ ഇപ്പോഴും മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലക്ഷ്മണ്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ കോഹ്ലിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ബാറ്റിംഗിനായി ക്രീസിലെത്തിയാല്‍ എല്ലായ്പ്പോഴുംആസുത്രണം ചെയ്യുന്നതു പോലെ സംഭവിക്കണമെന്നില്ലെന്നും ഫോമിനെക്കുറിച്ച് കൂടുതലായി ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഇപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും നല്ല ബാറ്റിങാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നതെന്നും കോഹ്ലി പറയുന്നു.

ചിലപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്താലും ഇത് സ്‌കോര്‍ ബോര്‍ഡില്‍ കാണണമെന്നില്ല. കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നടന്നില്ലെങ്കില്‍ ചിലപ്പോഴൊക്കെ ഇതു സംഭവിക്കാവുന്നതാണ്. തുടര്‍ച്ചയായി ഏറെ മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂന്നോ, നാലോ ഇന്നിങ്സുകളില്‍ ചിലപ്പോള്‍ വിചാരിച്ചതു പോലെ നടക്കണമെന്നില്ല. ഇതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കുകയും അതില്‍ നിന്നു കരകയറാനും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് കൂടാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നു കോഹ്ലി വിശദമാക്കി.

പുറത്തുള്ളവരെപ്പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ സ്വന്തം ഫോമിനെക്കുറിച്ച് തനിക്കും സംശയങ്ങള്‍ തോന്നിത്തുടങ്ങുമെന്നും കോഹ്ലി പറഞ്ഞു.

പുറത്തുള്ളവര്‍ തന്റെ ഫോമിനെക്കുറിച്ചും ബാറ്റിങിനെക്കുറിച്ചുമെല്ലാം പലതും ചര്‍ച്ച ചെയ്യുന്നുണ്ടാവാം. എന്നാല്‍ താന്‍ അവരെപ്പോലെ ചിന്തിക്കാറില്ല. അങ്ങനെ ചെയ്താല്‍ താനും അവരില്‍ ഒരാളായി മാറും. അടിസ്ഥാനകാരകാര്യങ്ങള്‍ ശരിയാക്കി നിലനിര്‍ത്തുന്നതിനൊപ്പം പരിശീലനത്തില്‍ കഠിനാധ്വാനം ചെയ്യുകയുമാണ് ഏറ്റവും പ്രധാനമെന്നും കോഹ്ലി പറഞ്ഞു.

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇതുവരെ കളിച്ച ഒമ്പത് ഇന്നിങ്സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് കോലിക്കു നേടാനായത്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നേടിയ 51 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മറ്റുള്ള മല്‍സരങ്ങളില്‍ 45, 11, 38, 11, 15, 9, 2, 19 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്‌കോറുകള്‍. കഴിഞ്ഞ ഒമ്പത് ഇന്നിങ്സുകളില്‍ ആകെ നേടിയത് 201 റണ്‍സ് മാത്രം.