'വയസ് മുപ്പത് കഴിഞ്ഞില്ലേ?, അല്‍പ്പം കൂടി പക്വത കാട്ടണം', ഇന്ത്യന്‍ ബാറ്ററെ ഉപദേശിച്ച് ബട്ട്

ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ യുവ താരങ്ങളോട് താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ പാക് ഓപ്പണര്‍ സല്‍മാന്‍ ബട്ട്. സൂര്യകുമാര്‍ പക്വത കാട്ടേണ്ടതുണ്ടെന്നും ബട്ട് പറഞ്ഞു.

സൂര്യകുമാര്‍ യാദവ് ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അയാള്‍ക്ക് മുപ്പതിലേറെ വയസുണ്ട്. സാധാരണയായി ഈ പ്രായത്തില്‍ ഒരു കളിക്കാരന്‍ വളരെ പക്വത കാട്ടേണ്ടതാണ്. ഇഷാന്‍ കിഷനുമായും ഋഷഭ് പന്തുമായും സൂര്യകുമാറിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇഷാന്തും പന്തും താരതമ്യേന ചെറുപ്പമാണ്. സൂര്യകുമാറിനോളം പരിചയസമ്പത്തും അവര്‍ക്കില്ല. അതിനാല്‍ സൂര്യകുമാര്‍ സ്ഥിരത കാട്ടണം- ബട്ട് പറഞ്ഞു.

അസ്ഥിരതയാണ് സൂര്യകുമാര്‍ യാദവ് നേരിടുന്ന പ്രധാന പ്രശ്‌നം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ അയാള്‍ 62 റണ്‍സ് നേടി. തുടര്‍ന്ന് റാഞ്ചിയിലും കൊല്‍ക്കത്തയിലും രണ്ടക്കം തികച്ചില്ല. ടി20 ലോക കപ്പിലും സൂര്യകുമാറിന് സമാന പ്രശ്‌നമുണ്ടായിരുന്നെന്നും ബട്ട് പറഞ്ഞു.