ടീം ഇന്ത്യയുടെ അടുത്ത സെവാഗിനെ പ്രവചിച്ച് ലാറ

ഐപിഎല്‍ യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അതുവഴി ദേശീയ ടീമുകളിലേക്ക് എത്തിപ്പെടാനും അവര്‍ വഴിയൊരുങ്ങുകയാണ്.

എന്നാല്‍ ഐപിഎല്ലിലൂടെയല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശ്രദ്ധ മുഴുവന്‍ പിടിച്ചു പറ്റിയ യുവതാരങ്ങളില്‍ ഒരാളാണ് പൃഥ്വി ഷാ. ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും സെഞ്ച്വറിയുമായി വരവറിയിച്ച ഷാ ടെസ്റ്റിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പരിക്കു മൂലം നഷ്ടമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും വിരാട് കോഹ്ലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവും ഷായെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ നേരത്തെ പ്രവചിച്ചിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ പൃഥ്വി ഷായെ വീരേന്ദര്‍ സെവാഗിനോട് ഉപമിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. പൃഥ്വി ഷായുടെ കളിയും ആക്രമണോത്സുക ബാറ്റിംഗും സെവാഗിനെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് ലാറ പറഞ്ഞു. സച്ചിനെക്കാള്‍ സെവാഗിനോടാണ് ഷായുടെ കളിക്ക് കൂടുതല്‍ സാമ്യമെന്നും ലാറ പറഞ്ഞു.

രണ്ട് ഐപിഎല്ലിലെ കളിച്ചിട്ടുള്ളൂവെങ്കിലും 19കാരനായ ഷാ സീനിയര്‍ താരത്തെ പോലെയാണ് കളിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ പൃഥ്വി ഷായുടെ പക്വത അപാരമാണെന്നും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഷായുടെ ബാറ്റിംഗ് പ്രകടനം കണ്ട് സന്തോഷം തോന്നിയെന്നും ലാറ പറഞ്ഞു. ഷായില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും ലാറ പറഞ്ഞു.