ബ്രാവോയ്ക്ക് ശാരീരികാസ്വാസ്ഥ്യം; വിനയായത് കരീബിയന്‍ ലീഗിലെ കളി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്കിന്റെ ലക്ഷണമുള്ളതുകൊണ്ടാണ് ബ്രാവോയെ മാറ്റി സാം കറന് അവസരം നല്‍കിയതെന്ന് സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി വിശദീകരിച്ചു.

കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെയുണ്ടായ ശാരീരികവേദന കൂടാതിരിക്കാനാണ് ബ്രാവോയെ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയത്. ബ്രാവോക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ട്. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചാല്‍, വേഗം മാറിയേക്കാവുന്ന ചെറിയ വേദന വഷളാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ചെന്നൈ മാനെജ്‌മെന്റിന്റെ നടപടി.

ഐപിഎല്‍ യുഎഇ ലെഗിലെ ചെന്നൈയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രാവോ തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ താരത്തിന്റെ അഭാവം സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.