മെഗാ ലേലത്തില്‍ വമ്പന്‍ താരങ്ങള്‍ എത്തും; ഇംഗ്ലീഷ് വന്‍ തോക്കിന് രക്ഷയുണ്ടാകുമോ?

2022ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ വന്‍ താരനിര അണിനിരക്കും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ടായിരിക്കും ലേലത്തിലെ പ്രധാന ആകര്‍ഷണം. ഐപിഎല്ലില്‍ കളിക്കാന്‍ റൂട്ട് നേരത്ത തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

2018 ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത താരമാണ് റൂട്ട്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും റൂട്ടിനായി കാശ് മുടക്കാന്‍ തയാറായിരുന്നില്ല. ഇക്കുറി അതിനു മാറ്റംവരുമെന്നാണ് റൂട്ട് പ്രതീക്ഷിക്കുന്നത്. അടുത്ത സീസണില്‍ രണ്ട് ടീമുകളെ കൂടി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതിലൂടെ പതിനാറ് വിദേശ കളിക്കാര്‍ക്ക് പുതിതായി അവസരം ലഭിക്കും. ഏറെക്കുറെ എല്ലാ താരങ്ങളും ലേലച്ചന്തയില്‍വരും. അതിനാല്‍ റൂട്ടിന് അവസരമൊരുങ്ങുമെന്നാണ് കരുതപ്പെടുന്നത്.

ഇംഗ്ലണ്ട് ടീമിന്റെ ഷെഡ്യൂളും ഐപിഎല്ലും ഒരുമിച്ച് വരാത്തതും റൂട്ടിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ട്വന്റി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ റൂട്ട് ഇടംപിടിച്ചിട്ടില്ല. എങ്കിലും ട്വന്റി20യില്‍ 35.72 ശരാശരിയുണ്ട് റൂട്ടിന്. ഇംഗ്ലണ്ട് കുപ്പായത്തില്‍ 126.30 ആണ് റൂട്ടിന്റെ സ്‌ട്രൈക്ക് റേറ്റ്. അതു പരിഗണിക്കുമ്പോള്‍ റൂട്ടിനെ ഇത്തവണ ഏതെങ്കിലും ഫ്രാഞ്ചൈസി ഏറ്റെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.