രോഹിത്തിന്റെ കസേര തെറിച്ചു, ഇനി അവന്‍ നയിക്കും; ജനുവരി മുതല്‍ പ്രാബല്യത്തില്‍

ബിസിസിഐ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാരെ നിയോഗിക്കാന്‍ ആലോചിക്കുന്നു. ജനുവരില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പര മുതല്‍ ഈ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഇതനുസരിച്ച് രോഹിത് ശര്‍മ്മയ്ക്ക് ടി20 നായകസ്ഥാനം നഷ്ടമാകും. പകരം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 നായക സ്ഥാനം ഏറ്റെടുക്കും.

ടി20ക്കും ഏകദിനത്തിനായി പ്രത്യേക ക്യാപ്റ്റന്മാരെ നിയമിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നു. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്ക് ടി20യ്ക്ക് പുതിയ സമീപനവും അതേ സമയം സ്ഥിരതയും ആവശ്യമാണ്. ജനുവരി മുതല്‍ പുതിയ പ്ലാന്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു.

ഇത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെടുന്നതിനെക്കുറിച്ചല്ല. ഇത് രോഹിതിന്റെ ഭാവിയെക്കുറിച്ചും ഭാരം കുറയുന്നതിനെക്കുറിച്ചും ആണ്. ഇവരൊക്കെ അത്ര ചെറുപ്പമല്ല. ടി20 ടീമിനായി പുതിയ സമീപനവും പുതിയ ചുവടുവെച്ചുകളും ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു, ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ അവരെ ഒരു മീറ്റിംഗിന് വിളിക്കും. സെമിഫൈനലിലെ വീഴ്ച വലിയ ഞെട്ടലുണ്ടാക്കി. വ്യക്തമായും മാറ്റങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അവരുടെ ഭാഗം കേള്‍ക്കാതെ ഒരു തീരുമാനവും എടുക്കില്ല. രോഹിത്, രാഹുല്‍, വിരാട് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും, ഇന്ത്യന്‍ ടി20 ടീമിന്റെ ഭാവി നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.