ഷമിയോ ഭുവിയോ? പുറത്താക്കേണ്ടത് ആരെയെന്ന് വ്യക്തമാക്കി സച്ചിന്‍

ലോക കപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഏതെല്ലാം പേസ് ബൗളര്‍മാരെ കളിപ്പിക്കണമെന്ന കാര്യം കോഹ്ലിയ്ക്ക് തലവേദനയാണ്. ഭുംറയ്ക്ക് പുറമെ അഫ്ഗാനെതിരെ ഹാട്രിക്ക് നേടി ഷമിയെ ആണോ പരിക്ക് മാറി തിരിച്ചെത്തിയ ഭുവനേശ്വറിനെ ആണോ എന്ന കാര്യത്തിലാണ് ഇന്ത്യന്‍ ടീം തല പുകയ്ക്കുന്നത്.

അതേസമയം ഇക്കാര്യത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കായികക്ഷമത വീണ്ടെടുക്കുയാണെങ്കില്‍ ഭുവിയെ തന്നെ വിന്‍ഡീസിനെതിരെ കളിപ്പിക്കണമെന്നാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീം സെലക്ടറാവുകയാണെങ്കില്‍ വിന്‍ഡീസിനെതിരെ ആരെ കളിപ്പിക്കുമെന്നായിരുന്നു സച്ചിനോടുള്ള ചോദ്യം. ഇതിനായിരുന്നു സച്ചിന്റെ മറുപടി. ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ തന്നെ വിന്‍ഡീസിനെതിരെ കളിക്കണം. കാരണം ന്യൂബോളില്‍ സ്വിംഗ് കണ്ടെത്താന്‍ ഭുവിക്ക് കഴിയും. സ്വിംഗ് കൊണ്ട് വിന്‍ഡീസ് ടോപ് ഓര്‍ഡറിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഭുവിക്ക് കഴിയും-സച്ചിന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ഭുവി മികവ് കാട്ടിയിരുന്നു. പേശീവലിവിനെ തുടര്‍ന്ന് പാകിസ്ഥാനെതിരായ മത്സരത്തിനിടെ പിന്മാറിയ  ഭുവി അഫ്ഗാനെതിരെ കളിച്ചിരുന്നില്ല.