ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കമാകുന്നു. ട്രോഫിയിൽ പിങ്ക് ബോളിൽ നടക്കുന്ന പരമ്പരയിലെ ഒരേയൊരു ഡേ നൈറ്റ് ടെസ്റ്റാണിത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയെ 295 റൺസിനാണ് ഇന്ത്യ തോല്പിച്ചത്. ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവർ ബാറ്റ് കൊണ്ടും, ജസ്പ്രീത് ബുംറ ബോൾ കൊണ്ടും ഓസ്‌ട്രേലിയൻ പടയെ തകർക്കുകയായിരുന്നു.
ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ അദ്ദേഹത്തിന്റെ തിരിച്ച് വരവ് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ ഉളവാക്കുന്നതാണ്. കൂടാതെ യുവ താരം ശുഭ്മാൻ ഗില്ലും സ്പിന്നർ രവിചന്ദ്രൻ അശ്വിനും പരിക്കിൽ നിന്ന് മുക്തി നേടി തിരികെ എത്തിയിട്ടുണ്ട്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ദേവദത്ത് പടിക്കൽ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരെ ഇത്തവണ ബെഞ്ചിൽ ഇരുത്തി. അഞ്ച് ടെസ്റ്റ് പരമ്പര അടങ്ങുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റ് വിജയിച്ചതോടുകൂടി ഇന്ത്യ ആണ് ലീഡ് ചെയ്യുന്നത്.
ഇന്ത്യൻ ടീം:
രോഹിത് ശർമ്മ(C), യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്(WK), ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്‌ഡി, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ.