ഇന്ത്യന്‍ സൂപ്പര്‍ താരം ഡല്‍ഹിയിലേക്ക്, ഗാംഗുലിയുടെ ചാണക്യതന്ത്രം വീണ്ടും

ഇന്ത്യന്‍ താരം മനോജ് തിവാരി ഐപിഎല്‍ കളിക്കാന്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനായി തിവാരി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ടീം, കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ മനോജ് തിവാരി പങ്കെടുത്തിരുന്നു.

ഒരു കാലത്ത് ഗാംഗുലിയുടെ പിന്‍ഗാമിയായിട്ടാണ് തിവാരിയെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. ഹൗറ സ്വദേശിയായ തിവാരി കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു. എന്നാല്‍ ഈ സീസണില്‍ 50 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടാരുന്ന താരത്തെ ലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല.

ഇതോടെയാണ് ലീഗ് പകുതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തിവാരിയെ നോട്ടമിട്ടത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററാണ് ഗാംഗുലി. തിവാരിയെ ഡല്‍ഹിയിലെത്തിക്കാന്‍ ഗാംഗുലിയാണ് മുന്‍കൈ എടുക്കുന്നതെന്നാണ് സൂചന. ഇന്ത്യയ്ക്കായി 12 ഏകദിനവും മൂന്ന് ടി20യും കളിച്ചിട്ടുളള തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനാലായിരത്തിലേറെ റണ്‍സ് സ്വന്തമാക്കിയ താരമാണ്.

തിവാരിയടക്കം 6 താരങ്ങളെയാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് ട്രയല്‍സിന് ക്ഷണിച്ചത്. ഇതില്‍ നിന്ന് ഒരു ഓള്‍ റൗണ്ടറുമായും, ഒരു ബാറ്റ്‌സ്മാനുമായും ടീം കരാറിലെത്തും. വരുംദിവസം തന്നെ ഇക്കാര്യത്തില്‍ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.