രാജസ്ഥാന് ഞെട്ടല്‍; ബെന്‍ സ്‌റ്റോക്‌സ് ഐ.പി.എല്ലില്‍ നിന്ന് പിന്മാറി

ഐ.പി.എല്‍ 14ാം സീസണില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പിന്മാറി. കൈവിരലിനു പരിക്കേറ്റതിനാലാണ് താരത്തിന്റെ പിന്മാറ്റം. രാജസ്ഥാന്‍ റോയല്‍സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്‌സിനു പരിക്കേറ്റത്. മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് സ്റ്റോക്‌സ് എറിഞ്ഞത്. ബാറ്റിംഗില്‍ റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു. ചികിത്സയ്ക്കായി ഉടന്‍ തന്നെ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങും.

സീസണ്‍ തുടങ്ങുന്നതിനു മുമ്പു തന്നെ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ നഷ്ടപ്പെട്ട രാജസ്ഥാന് സ്റ്റോക്‌സിന്റെ പിന്മാറ്റം ഇരുട്ടടിയാണ് സമ്മാനിച്ചിരിക്കുന്നത്. കൈവിരലിന് പരിക്കേറ്റാണ് ആര്‍ച്ചറും ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ നിലവില്‍ വിശ്രമത്തിലാണ്.

Jofra Archer: Rajasthan Royals will look after England bowler and take

ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച ഡല്‍ഹിക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സ്റ്റോക്‌സിനെ കൂടി നഷ്ടമായതോടെ രാജസ്ഥാന്‍ പേസ് നിരയില്‍ ക്രിസ് മോറിസിന് കൂടുതല്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും.