ഐ പി എല്‍ താരലേലം അവസാനിച്ചു; നേട്ടം കൊയ്ത് സ്‌റ്റോക്‌സ്

ഐപിഎല്‍ താരലേലത്തിന് സമാപനം. ആദ്യ ദിനത്തിലെ താരലേലത്തില്‍് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്‌സ് തന്നെയാണ് ലേലം അവസാനിക്കുമ്പോഴും ഏറ്റവും കൂടുതല്‍ പണം വാരിയ താരം. 12.5 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ചെലവിട്ടത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ഇന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക പോര്‍ബന്ദര്‍ താരം ജയ്ദീപ് ഉനദ്കട്ടിനാണ് ലഭിച്ചത്. 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ പേസറെ സ്വന്തമാക്കിയത്. ട്വന്റി20 മത്സരങ്ങളിലുള്ള മികച്ച റെക്കോര്‍ഡാണ് ഉനദ്കട്ടിനെ റെക്കോര്‍ഡ് തുക നല്‍കി സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചതിന് പിന്നില്‍.

മലയാളി താരങ്ങളിലെ വിലയേറിയ താരം എട്ടു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ സഞ്ജു സാംസണാണ് . ബേസില്‍ തമ്പിയെ 95 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 40 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കെ.എം. ആസിഫാണ് മലയാളി താരങ്ങളില്‍ മൂന്നാമന്‍. സച്ചിന്‍ ബേബി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), എം.ഡി. നിതീഷ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മറ്റു മലയാളി താരങ്ങള്‍.