റായിഡുവിന്റെ പരസ്യ പരിഹാസം, സുപ്രധാന പ്രഖ്യാപനവുമായി ബി.സി.സി.ഐ

ലോക കപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെ പരോക്ഷമായി പരിഹസിച്ച അമ്പാടി റായിഡുവിന്റെ നടപടി ഏറെ ചര്‍ച്ചയായിരുന്നല്ലോ. ലോക കപ്പ് കാണാന്‍ ഒരു സെറ്റ് ത്രിഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് റായിഡു തമാശ കലര്‍ത്തി സെലക്ടര്‍മാരെ പരിഹസിച്ചത്.

ലോക കപ്പ് ടീമില്‍ റായുഡുവിന് പകരം ഇടംപിടിച്ച വിജയ് ശങ്കര്‍ ത്രീ ഡൈമന്‍ഷനല്‍ കളിക്കാരനാണെന്ന് ടീം പ്രഖ്യാപനത്തിനു ശേഷം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെ കളിയാക്കിയാണ് ത്രീ ഡി ഗ്ലാസിന് ഓര്‍ഡര്‍ ചെയ്തുവെന്ന് റായുഡു ട്വീറ്റ് ചെയ്തതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

എന്നാല്‍ ലോക കപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിലുള്ള റായഡുവിന്റെ നിരാശ മനസിലാക്കുന്നുവെന്നും ആ വികാരം പ്രകടിപ്പിക്കുക മാത്രമാണ് താരം ചെയ്തതെന്നും പരിധി വിടാത്തതിനാല്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞു.

Read more

നിരാശ മറികടക്കാന്‍ റായുഡുവിന് അല്‍പം സമയം നല്‍കണമെന്നും ലോകകപ്പ് സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള കളിക്കാരനെതിരെ നിലവില്‍ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.