ഐ.പി.എല്‍ താര ലേലത്തില്‍ മാറ്റം?; പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഐപിഎല്‍ മിനി ലേലത്തിന്റെ തിയതി മാറ്റാനുള്ള ചില ഫ്രാഞ്ചൈസികളുടെ അഭ്യര്‍ത്ഥനയോട് ബിസിസിഐ വഴങ്ങിയേക്കില്ല. ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബര്‍ 23 ലെ ലേല തീയതി മാറ്റാന്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ലോജിസ്റ്റികല്‍ പ്രശ്നങ്ങള്‍ കാരണം ബോര്‍ഡ് അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഡിസംബര്‍ 23ന് നിശ്ചയിച്ച പ്രകാരം കൊച്ചിയില്‍ത്തന്നെ ലേലം നടക്കും.

ഇതാദ്യമായാണ് ഐപിഎല്‍ ലേലം കൊച്ചിയില്‍ നടക്കുന്നത്. ഒരുദിവസത്തെ ലേലമായിരിക്കും നടക്കുക. കഴിഞ്ഞ വര്‍ഷം മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി ലേലമായിരിക്കും.

കഴിഞ്ഞ വര്‍ഷത്ത ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. ഓരോ ടീമിനുമുള്ള സാലറി പേഴ്‌സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ 107 ക്യാപ്ഡ് താരങ്ങളും 97 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. ആകെ 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്. 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളും ലേലത്തില്‍ വിവിധ ടീമുകളിലെത്തി.