സച്ചിന്റെ നമ്പറിന് ഇനി അവകാശികളില്ല!!

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒടുവില്‍ അനൗദ്യോഗികമായി അത് തീരുമാനിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാഗ്യ നമ്പര്‍ “10” ഇനിമുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതില്ല എന്ന്. സച്ചിനൊപ്പം തന്നെ ജേഴ്‌സി നമ്പര്‍ 10 ഉം ഇതോടെ കളിക്കളത്തില്‍നിന്നും വിടവാങ്ങുകയാണ്.

2013 നവംബറിലാണ് സച്ചിന്‍ 24 വര്‍ഷം നീണ്ട് നിന്ന ഐതിഹാസികമായ കരിയര്‍ അവസാനിപ്പിച്ചത്.2012 മാര്‍ച്ചിലെ ഏകദിനത്തിലാണ് ലിറ്റില്‍ മാസ്റ്റര്‍ അവസാനമായി പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞത്.അതിന് ശേഷം അഞ്ച് വര്‍ഷക്കാലം ആരും ആ നമ്പര്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ കൊളൊമ്പോയില്‍ ലങ്കയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ശാര്‍ദുല്‍ താക്കൂര്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞെത്തിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ താരത്തെയും ബിസിസിഐയേയും കളിയാക്കി നിരവധി ട്രോളുകളാണ് എത്തിയത്. താക്കൂര്‍ സച്ചിനാവാന്‍ പഠിയ്ക്കുവാണോ എന്നതരത്തിലുള്ള പരിഹാസങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മയുള്‍പ്പടെയുള്ളവര്‍ താക്കൂര്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞെത്തിയതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങള്‍ അല്ലാത്ത മറ്റ് മത്സരങ്ങളില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിയുന്നതിന് കുഴപ്പമില്ല.ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങള്‍ക്കും പത്താം നമ്പര്‍ ജേഴ്‌സിയ്ക്ക് പുതിയ അവകാശികള്‍ വേണ്ട എന്ന അഭിപ്രായമാണുള്ളത്.