കോഹ്ലിയ്ക്ക് പകരം രോഹിത്ത്, നായകനെ മാറ്റാന്‍ ബി.സി.സി.ഐയും ആലോചിക്കുന്നു

ലോക കപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതോടെ നായകസ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ പുറത്താക്കണമെന്ന് മുറവിളി. കോഹ്ലിയ്ക്ക് പകരം രോഹിത്ത് ശര്‍മ്മ നായകനാകട്ടെയെന്നാണ് ഒരുവിഭാഗം ക്രിക്കറ്റ് ആരാധകരുടെ നിലപാട്. ഇക്കാര്യം ബി.സി.സി.ഐയില്‍ വരെ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക കപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകള്‍ അടുത്ത ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ബി.സി.സി.ഐയിലെ പേരു വെളിപ്പെടുത്താത്ത ഒരു അംഗം വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് വ്യക്തമാക്കി.

“ഏകദിന നായകസ്ഥാനം രോഹിതിനെ ഏല്‍പിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്മെന്റിനും എല്ലാ പിന്തുണയുമുണ്ട്. എന്നാല്‍ അടുത്ത ലോക കപ്പിന് മുമ്പ് ടീമിന് പുതിയ മുഖം നല്‍കേണ്ടതുണ്ട്. ചില കാര്യങ്ങളില്‍ മാറ്റം വരുത്താനുണ്ടെന്ന് നമുക്കറിയാം. നായകനാകാന്‍ ഉചിതമായ താരമാണ് രോഹിത്” ബി.സി.സി.ഐ അംഗം വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ ടീമില്‍ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. വിരാട് കോഹ്ലിയുടേ നേതൃത്വത്തില്‍ ഒരു സംഘം കളിക്കാരും രോഹിത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘവും ടീം ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല പ്രമുഖ താരങ്ങളും തഴയപ്പെടുന്നത് ഈ വിഭാഗീക പ്രവര്‍ത്തനം കാരണമാണത്രെ.