ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ജേഴ്സിയിൽ 'പാകിസ്ഥാന്റെ' പേരുവെക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൻ്റെ ജേഴ്സിയിൽ ആതിഥേയരായ പാക്കിസ്ഥാൻ്റെ പേര് വെക്കില്ലെന്ന വിവാദത്തിൽ പുതിയ വഴിത്തിരിവ്. നിയമം അനുസരിക്കണം എന്ന ഐസിസിയുടെ കർശന നിർദേശനത്തിന് തൊട്ട് പിന്നാലെയാണ് ഐസിസി നിയമങ്ങൾ പാലിക്കുമെന്നും ജേഴ്‌സിയിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ജേഴ്‌സിയിൽ ടൂർണമെൻ്റ് ആതിഥേയരായ പാക്കിസ്ഥാൻ്റെ പേരുണ്ടാകില്ലെന്ന വാർത്ത വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുന്നതെങ്കിലും ജേഴ്‌സിയിൽ പാകിസ്ഥാന്റെ പേരുൾപ്പെടെ ഉൾപ്പെടുത്തും.

“ഞങ്ങൾ ചില വാർത്തകൾ കാണുന്നുണ്ട്. പക്ഷേ ഞാൻ വളരെ വ്യക്തമായി പറയട്ടെ, ചാമ്പ്യൻസ് ട്രോഫിയുടെ ഡ്രസ് കോഡിൻ്റെ കാര്യത്തിലായാലും മറ്റെന്തെങ്കിലും കാര്യത്തിലായാലും ഞങ്ങൾ ഐസിസി നിയമങ്ങൾ പാലിക്കും. ബിസിസിഐ ജേഴ്‌സിയിൽ ഒന്നും മാറ്റില്ല. ലോഗോ എന്തായാലും മറ്റ് ടീമുകളുടെ നിയമങ്ങൾ ഞങ്ങളും പിന്തുടരും.”സൈകിയ മാധ്യമങ്ങളോട് പറഞ്ഞു.

View this post on Instagram

A post shared by SouthLive (@southlive.in)

അതേസമയം, അടുത്ത മാസം നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പാകിസ്ഥാനിലേക്ക് പോകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. “രോഹിത് ശർമ്മയുടെ യാത്രയെക്കുറിച്ചുള്ള മറ്റൊരു കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. സമയമാകുമ്പോൾ, ഞങ്ങൾ അതേക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും.” സൈകിയ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമ്പോൾ ബാക്കി ടീമുകൾ മത്സരം പാകിസ്ഥാനിലായിരിക്കും കളിക്കുക. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് ആതിഥേയ നഗരങ്ങളാണ് ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ടൂർണമെന്റിൽ വേദിയാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം കാരണം രണ്ട് ദശാബ്ദത്തോളമായി ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ല. 2023ൽ പാകിസ്ഥാൻ ഏഷ്യാ കപ്പിൻ്റെ ഔദ്യോഗിക ആതിഥേയരായപ്പോഴും, ശ്രീലങ്കയിൽ ഇന്ത്യ അവരുടെ എല്ലാ കളികളും കളിക്കുന്ന ഒരു ഹൈബ്രിഡ് മോഡലിലാണ് ടൂർണമെൻ്റ് നടന്നത്.

Read more