‘ബിസിസിഐ, ദയവായി സഞ്ജുവിന് അവസരം നല്‍കൂ’ മുറവിളിയുമായി ആരാധകര്‍

Advertisement

ഏകദിനത്തിലെ ആദ്യ സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറി തികച്ച മലയാളി താരം സഞ്ജു സാംസണിനെ ടീം ഇന്ത്യയില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നിരവധി ആരാധകര്‍ സഞ്ജുവിനായി മുറവിളി കൂട്ടുന്നത്.

സഞ്ജുവിന് ദയവായി ഒരവസരം നല്‍കണമെന്നാണ് ആരാധകര്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിക്കുന്നത്. നിരവധി പേരാണ് സഞ്ജുവിന് ടീം ഇന്ത്യയില്‍ അവസരം നല്കണമെന്ന് വാദിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗോവയ്‌ക്കെതിരെ മത്സരത്തില്‍ കേവലം 129 പന്തില്‍ 212 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 21 ഫോറും 10 സിക്‌സും സഹിതമാണ് സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ കന്നി സെഞ്ച്വറി സ്വന്തമാക്കിയത്.

സഞ്ജുവിന്റേയും മറ്റൊരു കേരള താരം സച്ചിന്‍ ബേബിയുടേയും (127) മികവില്‍ കേരളം മൂന്ന് വിക്കറ്റിന് 377 റണ്‍സാണ് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് (338) ഇരുവരും ചേര്‍ന്നെടുത്തത്.