ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് നാല് യുവ പേസര്‍മാര്‍ കൂടി

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ പുതുമുഖ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി. പേസര്‍മാരായ നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ആവേഷ് ഖാന്‍ എന്നിവരെയാണ് ഇന്ത്യന്‍ ടീമിനെ പരിശീലനത്തില്‍ സഹായിക്കുന്നതിനായി ബിസിസിഐ നിയോഗിച്ചത്. ഇവരുടെ ലോകകപ്പ് ടീമിനൊപ്പം ലണ്ടനിലേക്ക് പറക്കും.

ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ടീമിന് ഗുണമാകും ഈ നീക്കം എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതേസമയം സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനം യുവതാരങ്ങള്‍ക്കും ഗുണകരമാകും.

ലോകകപ്പിനുള്ള 15 അംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചത്. ഐപിഎല്ലിലെ പ്രകടനങ്ങള്‍ പരിഗണിക്കാതെയാണ് താരങ്ങളെ സെലക്ഷനായി പരിഗണിച്ചത്. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.

കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍. നാലാം നമ്പറില്‍ ആര് വരുമെന്ന സര്‍പ്രൈസ് ഇപ്പോഴും ബാക്കില്‍ക്കുകയാണ്.

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി