ഇംഗ്ലണ്ട് പര്യടനം: പകരക്കാര്‍ക്ക് പകരക്കാരെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തില്‍ ബി.സി.സി.ഐ

ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരായി പ്രഖ്യാപിച്ച് താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിക്കാനൊരുങ്ങി ബി.സി.സി.ഐ. പകരക്കാരായി പ്രഖ്യാപിച്ചിരുന്ന പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഐസൊലേഷനിലായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ ഈ നീക്കം.

“ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായി ഒന്നും പറയാനാവില്ല. പുതിയ പകരക്കാരെ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ അടുത്ത രണ്ട് ദിവസത്തേക്ക് ഞങ്ങള്‍ അവ നിരീക്ഷിക്കേണ്ടതുണ്ട്” ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പൃഥ്വിയെയും സൂര്യകുമാറിനെയും ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്.
ലങ്കന്‍ പര്യടനത്തിലുള്ള ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവായതാണ് ബി.സി.സി.ഐയ്ക്ക് തിരിച്ചടി സമ്മാനിച്ചത്. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്ന എട്ട് താരങ്ങള്‍ നിലവില്‍ ഐസെലേഷനിലാണ്. ഇവരില്‍ സൂര്യകുമാറും പൃഥ്വി ഷായുമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ഇവര്‍ക്ക് പകരക്കാരായി അയക്കാന്‍ യോഗ്യരായി പുറത്തുള്ളത്. ദേവ്ദത്ത് പടിക്കലിനും സാധ്യതയുണ്ട്. ഇവര്‍ക്ക് വിളിയെത്തുമോ എന്ന് കണ്ട് തന്നെ അറിയണം.