തലപ്പത്തെ മാറ്റം പുതിയ നീക്കങ്ങളിലേക്ക്; ബി.സി.സി.ഐ തുര്‍ക്കിയിലേക്ക്

വരാനിരിക്കുന്ന ഐപിഎല്‍ ലേലം വിദേശത്ത് നടത്താനൊരുങ്ങി ബിസിസിഐ. തുര്‍ക്കിയിലെ ഇസ്താംബൂളാണ് ഏറ്റവും സാധ്യതയുള്ള വേദി. പതിവ് വേദിയായ ബെംഗളൂരുവും ഒരു ഓപ്ഷനാണ്. എന്നാല്‍ ബോര്‍ഡ് ഈ വര്‍ഷം ലേലം തുര്‍ക്കിയിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത.

വിദേശത്ത് ലേലം നടത്താനുള്ള സാധ്യതയെക്കുറിച്ച് ബിസിസിഐ വിവിധ ഫ്രാഞ്ചൈസികളുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ഇത് മിക്കവാറും ഈ വര്‍ഷം ഡിസംബറില്‍ സംഘടിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. മെഗാ ലേലം കഴിഞ്ഞ വര്‍ഷം അവസാനിച്ചതിനാല്‍, വരാനിരിക്കുന്ന മിനി ലേലം മിക്കവാറും ഒരു ദിവസത്തെ കാര്യമായിരിക്കും. കഴിഞ്ഞ വര്‍ഷം 90 കോടി രൂപയായിരുന്നു ലേല തുക, ഇത്തവണ അത് 95 കോടി രൂപയായി ഉയര്‍ത്തും.

ബിസിസിഐയുടെ തലപ്പത്ത് കുറച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ബ്രിജേഷ് പട്ടേലിന്റെ പിന്‍ഗാമിയായി അരുണ്‍ സിംഗ് ധുമലിനെ പുതിയ ഐപിഎല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തപ്പോള്‍, സൗരവ് ഗാംഗുലിയെ വീണ്ടും ബിസിസിഐ തലവനായി തിരഞ്ഞെടുത്തില്ല. അദ്ദേഹത്തിന് പകരം ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി തലപ്പത്തേക്ക് എത്തി. സ്ഥാനം നിലനിര്‍ത്തിയവരില്‍ ഒരാള്‍ ജയ് ഷായാണ്. അദ്ദേഹം ഭരണസമിതിയുടെ സെക്രട്ടറിയായി തുടരും.

അതേസമയം, ബോര്‍ഡില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗാംഗുലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗാംഗുലി ജ്യേഷ്ഠന്‍ സ്നേഹാശിഷ് ഗാംഗുലിക്കായി വഴിമാറി. മത്സരം ഒഴിവാക്കുന്നതിന്‍രെ ഭാഗമായിരുന്നു ഈ പിന്മാറ്റം.