കോഹ്‌ലിയെ ബി.സി.സി.ഐ അപമാനിച്ചു; വലിയ നിയമനങ്ങള്‍ പോലും മറച്ചുവെച്ചു

യുഎഇ ആതിഥ്യംവഹിക്കുന്ന ലോക കപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്ലിയും ബിസിസിഐയും കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെയാണ് കോഹ്ലിയും ബിസിസിഐ ഭാരവാഹികളും ഇടഞ്ഞതെന്ന് പറയപ്പെടുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം കോഹ്ലിയെ ഒന്നോ രണ്ടോ ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ബിസിസിഐ ആലോചന ആരംഭിച്ചിരുന്നതായാണ് വിവരം. ട്വന്റി20 ലോക കപ്പ് ടീമിന്റെ മെന്ററായി എം.എസ് ധോണിയെ നിയോഗിക്കുന്ന വിവരം കോഹ്ലിയെ അറിയിച്ചിരുന്നില്ലത്രെ. താനുമായി കൂടിയാലോചിക്കാതെ സുപ്രധാന തീരുമാനമെടുത്ത സെലക്ടര്‍മാരില്‍ നിന്ന് കോഹ്ലി ഇതോടെ കൂടുതല്‍ അകലുകയായിരുന്നു.

ലോക കപ്പ് ടീം തെരഞ്ഞെടുപ്പിലും കോഹ്ലിയുടെ വാക്കുകള്‍ സെലക്ടര്‍മാര്‍ ചെവിക്കൊണ്ടില്ല. ഓപ്പണറായി ശിഖര്‍ ധവാനെയാണ് കോഹ്ലി മനസില്‍ക്കണ്ടിരുന്നത്. ധവാനുവേണ്ടി കോഹ്ലി ശക്തമായി വാദിക്കുകയും ചെയ്തു. എന്നാല്‍ ധവാനെ തഴഞ്ഞ് കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്.

സ്പിന്നര്‍ ആര്‍.അശ്വിനെ ടീമിലെടുക്കുന്ന കാര്യവും കോഹ്ലിയെ അറിയിച്ചിരുന്നില്ല. അശ്വിനു പകരം യുസ്‌വേന്ദ്ര ചഹലിന് ലോക കപ്പ് ടീമില്‍ ഇടംനല്‍കാനാണ് കോഹ്ലി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതും സെലക്ടര്‍മാര്‍ തള്ളിക്കളഞ്ഞു. ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും ഭാഗത്തു നിന്നുണ്ടായ അവഹേളനമാണ് ലോക കപ്പിനുശേഷം ട്വന്റി20 നായക പദം ഒഴിയുമെന്ന് പ്രഖ്യാപിക്കാന്‍ കോഹ്ലിയെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

Read more