അവസരം കിട്ടിയില്ലെങ്കില്‍ ടീം മാറാം; അടിമുടി മാറും ഐപിഎല്‍

ന്യൂഡല്‍ഹി : അടിമുടി മാറ്റങ്ങളുമായാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഒരുങ്ങുന്നത്. രാജ്യാന്തര ഫുട്‌ബോള്‍ ലീഗുകളില്‍ പതിവുള്ളതുപോലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം ഐപിഎല്‍ അധികൃതര്‍ പരിഗണിക്കുന്നതായാണ് വിവരം.

അതായത്, ടീം ഒരു താരത്തെ വിളിച്ചെടുത്തതുകൊണ്ടു മാത്രം ആ താരം ടീമിന്റെ ഭാഗമാകുന്നില്ല. ടീം അയാള്‍ക്ക് മതിയായ അവസരങ്ങള്‍ കൂടി ഉറപ്പാക്കണം. ഇതോടെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ടീം മാറാനുളള സുവര്‍ണാവസരമാണ് ലഭിക്കുക.

അതെസമയം ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായിരുന്ന മഹേന്ദ്ര സിങ് ധോണി ഉള്‍പ്പെടെയുള്ളവരുടെ ഭാവിയെച്ചൊല്ലി അന്തിമ തീരുമാനം ആയിട്ടില്ല. ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നതോടെ നിലവില്‍ മറ്റു ടീമുകള്‍ക്കു കളിക്കുന്ന ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏതു ടീമിന്റെ ഭാഗമാകുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ഇതേക്കുറിച്ച് ഐപിഎല്‍ അധികൃതര്‍ക്കും ടീം മാനേജ്‌മെന്റുകള്‍ക്കും ആശങ്കയുണ്ടെന്നുള്ളതാണ് സത്യം. പതിവുപോലെ ടീമംഗങ്ങളില്‍ ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ ലേലത്തില്‍ വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് ടീമുടമകളില്‍ ഏറെയും. അതേസമയം, കളിക്കാരെ ആരെയും നിലനിര്‍ത്താതെ എല്ലാവരെയും ലേലത്തിനു വിടണമെന്ന ആവശ്യവും ശക്തമാണ്.

Read more

എന്തായാലും ഈ വിഷയങ്ങളെല്ലാം കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ടീം ഉടമകളുടെ യോഗത്തില്‍ ചര്‍ച്ചയായി. മിക്ക വിഷയങ്ങളിലും ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നെങ്കിലും ഒന്നിലും അന്തിമ തീരുമാനമായിട്ടില്ല.