'പവര്‍പ്ലേയില്‍' ബി.സി.സി.ഐ, കൗണ്ടര്‍ അറ്റാക്കിംഗ് ആരംഭിച്ച് ദാദ; ആദ്യ 'അടി' ശ്രീനിവാസന്

ബിസിസിഐയുടെ ‘പവര്‍പ്ലേയില്‍’ പ്രഹരം ഏറ്റുവാങ്ങിയതിന് ശേഷം സൗരവ് ഗാംഗുലി തന്റെ കൗണ്ടര്‍ അറ്റാക്കിംഗ് കളി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ ബിസിസിഐ മേധാവി എന്‍. ശ്രീനിവാസന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഗാംഗുലിയുടെ പ്രകടനത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. എന്നാലപ്പോള്‍ ഗാംഗുലി അതില്‍ പ്രതികരിച്ചില്ല. ഇപ്പോഴിതാ പുറത്താക്കിലിന് പിന്നാലെ ഗാംഗുലി മൗനം വെടിഞ്ഞ് ശ്രീനിവാസന് എതിരെ തിരിച്ചടിച്ചിരിക്കുകയാണ്. തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ നിരത്തിയായിരുന്നു ഗാംഗുലിയുടെ തിരിച്ചടി.

‘ഞാന്‍ ക്രിക്കറ്റ് താരങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. കോവിഡ് കാലത്ത് ഐപിഎല്‍, ഐപിഎല്‍ സംപ്രേക്ഷണാവകാശം, അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയത്, വനിതാ ടീം വെള്ളി മെഡല്‍ നേടിയത്, ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയത് തുടങ്ങി നിരവധി നല്ല കാര്യങ്ങള്‍ എന്റെ ഭരണകാലത്ത് സംഭവിച്ചു. അങ്ങനെ ഞാന്‍ പ്രസിഡണ്ടായി എന്റെ സമയം ആസ്വദിച്ചു’ ഗാംഗുലി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കെയാണ് ഗാംഗുലിയുടെ പ്രതികരണം. അരുണ്‍ ധുമലിന് പകരം ബിജെപി എംഎല്‍എ ആശിഷ് ഷെലാര്‍ ട്രഷററാകും. പ്രസിഡന്റായി തുടരാന്‍ ഗാംഗുലി ആഗ്രഹിച്ചിരുന്നെങ്കിലും യോഗത്തില്‍ നിന്ന് അദ്ദേഹത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തുകയായിരുന്നു. മുന്‍ പ്രസിഡന്റ് ശ്രീനിവാസനാണ് ഈ കളിയ്ക്ക് പിന്നിലെന്നാണ് സംസാരം.

സൗരവ് ഗാംഗുലിയുടെ ബിസിസിഐ നേട്ടങ്ങള്‍:

Read more

  • ജയ് ഷായ്ക്ക് ക്രെഡിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും, ഇത് ഗാംഗുലിയുടെ കാലത്താണ്, കോവിഡ് സമയത്ത് ബിസിസിഐ ഐപിഎല്‍ 2022 ഇന്ത്യയില്‍ വിജയകരമായി നടത്തി.
  • 48,000 കോടി രൂപയാണ് ഐപിഎല്‍ മീഡിയ റൈറ്റ്‌സ് ഇടപാടിലൂടെ ബിസിസിഐ നേടിയത്.
  • അണ്ടര്‍ 19 ടീം ലോകകപ്പ് നേടി.
  • ഗാംഗുലി രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനായി നിയമിച്ചു.
  • മറ്റൊരു പ്രമുഖനായ വിവിഎസ് ലക്ഷ്മണ്‍ എന്‍സിഎ ഡയറക്ടറായി.
  • വനിതാ ഐപിഎല്ലിന്റെ രൂപരേഖ തയ്യാറാക്കി.
  • ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി.
  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ടീം വെള്ളി മെഡല്‍ നേടി.

ഈ മാസം 18ന് നടക്കുന്ന സമ്മേളനത്തില്‍ ഗാംഗുലിക്ക് പകരക്കാരനായി റോജര്‍ ബിന്നി പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ബിസിസിഐയുടെ 36ാമത്തെ പ്രസിഡന്റ് എന്ന നേട്ടമാണ് റോജര്‍ ബിന്നിയെ കാത്തിരിക്കുന്നത്.