ടീം ഇന്ത്യ പ്രതിരോധത്തിലായി, പുതിയ വിശദീകരണവുമായി ശാസ്ത്രി രംഗത്ത്

ലോക കപ്പ് ടീമില്‍ അമ്പാടി റായിഡുവിനേയും റിഷഭ് പന്തിനേയും ഒഴിവാക്കിയ നടപടിയില്‍ പുലിവാല്‍ പിടിച്ച് ഇന്ത്യന്‍ ക്യാമ്പ്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒഴികെയുള്ളവര്‍ സാഹചര്യത്തിന് അനുസരിച്ച് മാറുമെന്നാണ് ഇക്കാര്യം വിശദീകരിച്ച് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറയുന്നത്.

യുവതാരങ്ങളെ പുറത്താക്കിയ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ ഇടപെടല്‍. വിജയ് ശങ്കറാകും നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദിന്റെ വിശദീകരണം വിവാദമായിരുന്നു.

അമ്പാട്ടി റായിഡു, റിഷഭ് പന്ത് എന്നിവരെ മറികടന്നാണ് വിജയ് ശങ്കര്‍ ടീമിലെത്തിയത്. പതിനഞ്ചു താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനെ നിയമം അനുവദിക്കുന്നുള്ളു. ഇതുകൊണ്ടു തന്നെ ചിലര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടമാവും. ടീം തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.

ലോക കപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ 16 അംഗ ടീമിനെ തിരഞ്ഞെടുക്കാന്‍ അനുമതി വേണമായിരുന്നു. ഈ നിര്‍ദേശം ഐസിസിക്ക് മുമ്പാകെ വെച്ചിരുന്നുവെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു.

അതിനിടെ ലോക കപ്പ് ടീമില്‍ സ്ഥാനം നഷ്ടമായ അമ്പാട്ടി റായിഡു, നവ്ദീപ് സെയ്നി, റിഷഭ് പന്ത് എന്നിവരെ റിസര്‍വ് താരങ്ങളായും പരിഗണിച്ചിട്ടുണ്ട്. ലോക കപ്പില്‍ കളിക്കുന്ന ഏതെങ്കിലും താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഇവരിലാരെയെങ്കിലും ലോക കപ്പ് ടീമിലേക്ക് പരിഗണിക്കും.