കപിലിന്റെ നേതൃത്വത്തില്‍ പുതിയ ക്രിക്കറ്റ് സംഘടന, ബി.സി.സി.ഐ അംഗീകാരം നല്‍കി

ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പുതിയ ക്രിക്കറ്റ് സംഘടന നിലവില്‍ വന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളുടെ ക്ഷേമത്തിനും അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുക.

ബി.സി.സി.ഐ ഈ സംഘടനയ്ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. ഇതാദ്യമായാണ് ബി.സി.സി.ഐ തങ്ങളല്ലാത്ത മറ്റൊരു കായിക സംഘടനയ്ക്ക് അംഗീകാരം നല്‍കുന്നത്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ദേവ്, അജിത്ത് അഗാര്‍ക്കര്‍, ശാന്ത രംഗസ്വാമി എന്നിവരാണ് നിലവില്‍ ഇതിന്റെ ചുമതലയിലുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഈ താരങ്ങള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ ഡയറക്ടര്‍മാരായി തുടരും.

മുന്‍ താരങ്ങളുടെ ക്ഷേമപ്രവര്‍ത്തനമാണ് ഈ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പഴയ കളിക്കാര്‍ക്ക് എല്ലാമാസവും പെന്‍ഷന്‍ പോലെ തുക അനുവദിക്കും.

സ്വതന്ത്ര്യമായിട്ടായിരിക്കും ഐ.സി.എ യുടെ പ്രവര്‍ത്തനം. ബി.സി.സി.ഐ തുടക്കത്തില്‍ സാമ്പത്തിക സഹായം നല്‍കുമെങ്കിലും പിന്നീട് ഐ.സി.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ തന്നെ പണം കണ്ടെത്തേണ്ടി വരും.