കോടികളെറിഞ്ഞ് ബിസിസിഐ; ഏറ്റവും കൂടുതല്‍ തുക ദ്രാവിഡിന്

അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനുളള സമ്മാത്തുക ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യയെ കിരീടമണിയിച്ച ടീം കോച്ച് രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി നല്‍കുക.

ടീം ഇന്ത്യയിലെ ഓരോ താരത്തിനും 30 ലക്ഷം രൂപ വീതവും സപ്പോട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവുമാണ് ബിസിസിഐ സമ്മാനത്തുകയായി നല്‍കും. ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം ലോകകിരീടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റിന് മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കല്‍റ തകര്‍പ്പന്‍ സെഞ്ച്വറി നേടി.

ഇത് നാലാം തവണയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. 2000,2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയത്.