സാഹയ്ക്ക് വിലക്ക്, ഇനി രഞ്ജി കളിക്കേണ്ട

ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ രഞ്ജി കളിയ്ക്കുന്നത് വിലക്കി ബിസിസിഐ. അടുത്ത മത്സരം സാഹ കളിക്കേണ്ടെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. ഇതോടെ ഡല്‍ഹിയെ നേരിടാനൊരുങ്ങുന്ന ബംഗാളിന് സാഹയില്ലാതെ കളിക്കേണ്ടി വരും.

ന്യൂസിലാന്‍ഡിനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരത്തിന്റെ മുന്നൊരുക്കമായാണ് ബിസിസിഐയുടെ നിര്‍ദ്ദേശം. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പൂര്‍ണ കായികക്ഷമതയോടെ കളിക്കുന്നതിന് വേണ്ടിയാണ് രഞ്ജിയില്‍ സാഹയെ വിലക്കിയിരിക്കുന്നത്.

നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ സാഹയ്ക്ക് പരിക്കേറ്റിരുന്നു. വീണ്ടും പരിക്കുകളില്‍ പെടാതിരിക്കാനുള്ള മുന്‍ കരുതലും ബിസിസിഐ നിര്‍ദ്ദേശത്തിലുണ്ട്.

രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ കളിക്കുക. ഫെബ്രുവരി 21-നാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇപ്പോള്‍ ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗങ്ങളായ അഭിമന്യു ഈശ്വരന്‍, ഇഷാന്‍ പോറല്‍ എന്നിവരും അടുത്ത കളിയില്‍ ബംഗാള്‍ ടീമില്‍ ഉണ്ടാവില്ല.