ഇന്ത്യക്കെതിരായ പോരാട്ടം: പാക് താരങ്ങള്‍ പേടിച്ചിരിക്കുകയാണെന്ന് ബാബര്‍

ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി പാകിസ്ഥാന്‍ കളിക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തുറന്നുസമ്മതിച്ച് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. തങ്ങള്‍ എല്ലായ്‌പ്പോഴും ഇത് ഒരു സാധാരണ മത്സരം പോലെ കളിക്കാനാണ് ശ്രമിക്കുന്നതെന്നും പക്ഷേ ഇത്തരം ഏറ്റുമുട്ടലുകള്‍ കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ബാബര്‍ പറഞ്ഞു.

അതേസമയം, ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരം പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്ക്ക് നഷ്ടമായേക്കും. ഷഹീന്‍ പൂര്‍ണ ആരോഗ്യവാനല്ലെന്ന് ബാബര്‍ അസം പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ഇതുവരെ താരം കരകയറിയിട്ടില്ലെന്നാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറയുന്നത്.

‘ഷഹീനെ പരിചരിക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരെ ഞങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അവന്് ഇപ്പോഴും വിശ്രമം ആവശ്യമാണ്. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും കരകയറാന്‍ ഇനിയും കുറച്ച് സമയം ആവശ്യമാണ്. അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും ആരോഗ്യവും ഞങ്ങള്‍ ദീര്‍ഘകാലമായി നോക്കുകയാണ്. ഏഷ്യാ കപ്പിന് മുമ്പ് സുഖം പ്രാപിക്കാന്‍ നെതര്‍ലന്‍ഡ്സ് ഏകദിനത്തിനായി ഞങ്ങള്‍ അവന് വിശ്രമം നല്‍കും’ ബാബര്‍ അസം പറഞ്ഞു.

ആഗസ്റ്റ് 16 മുതല്‍ 21 വരെ ആംസ്റ്റര്‍ഡാമില്‍ പാകിസ്ഥാന്‍ നെതര്‍ലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കും. അതിനുശേഷം അവര്‍ ഏഷ്യാ കപ്പിനായി പുറപ്പെടും.

ഇന്ത്യയ്ക്കെതിരായ ഏഷ്യാ കപ്പ് 2022 പോരാട്ടത്തിന് എന്ത് വിലകൊടുത്തും ഷഹീനെ ഇറക്കാനാണ് പാകിസ്ഥാന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് താരത്തെ നെതര്‍ലന്‍ഡ്സിനെതിരായ രണ്ട് ഏകദിനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്. താരത്തിന് പരിക്ക് ഭേദമായി തിരിച്ചെത്താനായില്ലെങ്കില്‍ പാകിസ്ഥാന് അത് ഏറെ തലവേദന സൃഷ്ടിക്കും.

ഹസന്‍ അലിയെ ഏഷ്യാ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാക്കിയിരുന്നു. ഷഹീന് പുറമേ ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി, നസീം ഷാ, മുഹമ്മദ് വാസിം എന്നിവരുള്‍പ്പെടെ നാല് പേസര്‍മാരുമായാണ് പാകിസ്ഥാന്‍ എത്തുന്നത്. ഈ മാസം 28 നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം.